30 ദിവസത്തിലധികം ജയിലിൽ കിടക്കുന്ന മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ജയിലിലടയ്ക്കപ്പെട്ട വ്യക്തിയില്ലാതെ രാജ്യം ഭരിക്കാൻ കഴിയില്ല എന്ന ആശയം ബിജെപിയും താനും പൂർണമായും നിരസിക്കുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഏതെങ്കിലും നേതാവിനോ ജയിലിലിരുന്ന് രാജ്യം ഭരിക്കാൻ കഴിയുമോ എന്നും അമിത് ഷാ ചോദിച്ചു.
വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, മോദിയുടെ ഓഫീസും നിയമത്തിന് കീഴിൽ വരുമെന്നും അമിത് ഷാ പറഞ്ഞു. "മോദി തന്നെ ഇതിൽ പ്രധാനമന്ത്രി സ്ഥാനം ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ഇന്ദിരാഗാന്ധി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരെ ഇന്ത്യൻ കോടതികളുടെ ജുഡീഷ്യൽ അവലോകനത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള 39-ാം ഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാൽ നരേന്ദ്ര മോദിയാകട്ടെ, പ്രധാനമന്ത്രി ജയിലിലായാൽ രാജിവയ്ക്കേണ്ടിവരുമെന്ന പ്രധാനമന്ത്രിക്ക് എതിരായി തന്നെയുള്ള ബിൽ കൊണ്ടുവന്നിരിക്കുകയാണ്," അമിത് ഷാ പറഞ്ഞു.
"എനിക്ക് മുഴുവൻ രാജ്യത്തോടും പ്രതിപക്ഷത്തോടും ചോദിക്കാനുള്ളത് ഇതാണ്. ഒരു മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഏതെങ്കിലും നേതാവിനോ ജയിലിൽ നിന്ന് രാജ്യം ഭരിക്കാൻ കഴിയുമോ? അത് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സിന് അനുയോജ്യമാണോ?" അമിത് ഷാ ചോദിച്ചു. " ജയിലിൽ പോകേണ്ടി വന്നാൽ, അവിടെ നിന്ന് എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണ് അവർ ഇന്നും ചെയ്യുക. ജയിൽ മുഖ്യമന്ത്രി അല്ലെങ്കിൽ പ്രധാനമന്ത്രി ഭവനമാക്കി മാറ്റും. ഡിജിപി, ചീഫ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ ജയിലിൽ നിന്ന് ഉത്തരവുകൾ എടുക്കും. അവിടെ ഇരിക്കുന്ന വ്യക്തിക്കല്ലാതെ രാജ്യം ഭരിക്കാൻ കഴിയില്ല എന്ന ആശയം ഞാനും എന്റെ പാർട്ടിയും പൂർണ്ണമായും നിരസിക്കുന്നു. ഒരു അംഗം പോയാൽ, പാർട്ടിയിലെ മറ്റ് അംഗങ്ങൾ സർക്കാർ നടത്തും. അവർക്ക് ജാമ്യം ലഭിക്കുമ്പോൾ അവർക്ക് വീണ്ടും വന്ന് സത്യപ്രതിജ്ഞ ചെയ്യാം. ഇതിൽ എതിർപ്പ് എന്തിനാണ്?" കേന്ദ്ര മന്ത്രി ചോദിക്കുന്നു.
130ാം ഭരണഘടനാ ഭേദഗതി ബിൽ പാസാകും എന്നും കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പിച്ചുപറഞ്ഞു. ധാർമികതയെ പിന്തുണയ്ക്കുകയും , ധാർമിക അടിത്തറ നിലനിർത്തുകയും ചെയ്യുന്ന നിരവധിയാളുകൾ പ്രതിപക്ഷത്തുണ്ടെന്നാണ് അമിത് ഷാ പ്രസ്താവന.
അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ 30 ദിവസത്തിൽ കൂടുതൽ തടവിന് ശിക്ഷിച്ചാൽ അവരെ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന വിവാദ ബിൽ മൺസൂൺ സമ്മേളനത്തിൽ അമിത് ഷാ അവതരിപ്പിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാനും ബിജെപി ഇതര മുഖ്യമന്ത്രിമാരെ കള്ളക്കേസിൽ കുടുക്കാനും ജയിലിലടയ്ക്കാനുമുള്ള മാർഗമാണിതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ബില്ലിനെ എതിർത്തത്. അതേസമയം, ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന, ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർപേഴ്‌സണും നിയമിക്കുന്ന ഒരു സംയുക്ത സമിതി, ബിൽ പരിശോധിക്കും.