Amit Shah Source; Facebook
NATIONAL

തമിഴ്‌നാട്ടിൽ എൻഡിഎ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം എൻഡിഎയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിൽ എൻഡിഎ അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ചകൾക്ക് വഴിതുറന്ന് അമിത് ഷായുടെ പ്രസ്‌താവന. മുന്നണി അധികാരത്തിലെത്തിയാൽ എഐഎഡിഎംകെയിൽനിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് അമിത് വ്യക്തമാക്കിയെങ്കിലും ആരുടെയും പേര് പരാമർശിക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ബിജെപിയുമായി തർക്കമില്ലെന്നും എടപ്പാടി പളനിസ്വാമി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്നുമാണ് എഐഎഡിഎംകെ വിശദീകരിക്കുന്നത്.

തർക്കങ്ങളെ തുടർന്ന് എൻഡിഎ വിട്ടുപോയ എഐഎഡിഎംകെ രണ്ടു മാസം മുൻപാണ് മുന്നിണിയിലേക്ക് തിരിച്ചെത്തിയത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച് കരുത്തു തെളിയിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇരു പാർട്ടികളും ബന്ധം പുതുക്കുകയായിരുന്നു. അമിത് ഷാ ഒരു ദിനപ്പത്രത്തിന് നൽകിയ അഭിമുഖമാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള അഭ്യൂഹൾക്ക് വഴിമരുന്നിട്ടത്. ബിജെപിയും എഐഎഡിഎംകെയും അടുത്തവർഷം സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു.

എഐഎഡിഎംകെയിൽ നിന്നായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറിയായ എടപ്പാടി പളനി സ്വാമിയുടെ പേര് പറഞ്ഞതുമില്ല. ഇതാണ് ചർച്ചകളുയരാൻ കാരണം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം എൻഡിഎയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.

എന്നാൽ ബിജെപിയുമായി തർക്കങ്ങളില്ലെന്നാണ് എഐഎഡിഎംകെയുടെ വിശദീകരണം. എടപ്പാടി പളനിസ്വാമിയെയാണ് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുകയെന്നും തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നും പാർട്ടി നേതാവ് കോവൈ സത്യൻ പറഞ്ഞു.

SCROLL FOR NEXT