അമിത് ഷാ Source: x/ Amit Shah
NATIONAL

2026ൽ തമിഴ്‌നാട്ടിലും ബംഗാളിലും ബിജെപി അധികാരത്തിൽ വരും; പ്രഖ്യാപനവുമായി അമിത് ഷാ

മധുരയിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

Author : ന്യൂസ് ഡെസ്ക്

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലും ബംഗാളിലും ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധുരയിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്.

അഴിമതി നിറഞ്ഞ ഡിഎംകെ ഭരണത്തെ പുറത്താക്കാൻ തമിഴ്‌നാട്ടിലെ ജനങ്ങൾ കാത്തിരിക്കുകയാണ്. കൂടാതെ 2026 ൽ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ എൻ്റെ കണ്ണുകളും കാതുകളും തമിഴ്‌നാട്ടിലാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഡിഎംകെ സർക്കാർ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ 10% പോലും പാലിച്ചിട്ടില്ല. വ്യാജ മദ്യ മരണങ്ങൾ മുതൽ ടാസ്‌മാക്കിലെ 39,000 കോടി രൂപയുടെ അഴിമതി വരെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. ഡിഎംകെ സർക്കാർ 100% പരാജയപ്പെട്ട സർക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്ര ഫണ്ടുകൾ ദുരുപയോഗം ചെയ്യുകയും പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്നും അമിത് ഷാ ആരോപിച്ചു. മോദിയുടെ ഫണ്ടുകൾ തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. ഫണ്ടുകൾ ഡിഎംകെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒഡീഷയിലെ വിജയം, ഹരിയാനയിൽ ഭരണം നിലനിർത്തൽ, 26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കൽ തുടങ്ങിയ ബിജെപിയുടെ സമീപകാല തെരഞ്ഞെടുപ്പ് നേട്ടങ്ങൾ അമിത് ഷാ എടുത്തു പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളിൽ ഒന്നാണെന്ന് തമിഴിനെ വിശേഷിപ്പിച്ച അമിത് ഷാ, തന്റെ സന്ദേശം ആ ഭാഷയിൽ എത്തിക്കാൻ കഴിയാത്തതിൽ പ്രസംഗത്തിനിടെ ക്ഷമാപണം നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) പ്രകാരം ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച തമിഴ്നാട് സർക്കാരുമായുള്ള ഭാഷാ യുദ്ധത്തിനിടയിലാണ് അമിത് ഷായുടെ പരാമർശം.

SCROLL FOR NEXT