അമിത് ഷാ Source: X/@RavinderKapur2
NATIONAL

സിന്ധു നദീജലകരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല, പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം വഴിതിരിച്ചുവിടും: അമിത് ഷാ

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനുമായുള്ള സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് അമിത് ഷാ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രസ്താവന.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായതിനെ തുടർന്നാണ് സുപ്രധാന കാരറായ സിന്ധു നദീജല കരാർ ഇന്ത്യ നിർത്തലാക്കിയത്. സംഘർഷങ്ങൾ കെട്ടടങ്ങിയെങ്കിലും സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും അമിത് ഷാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിന്ധു നദീജല കരാർ സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. സിന്ധു നദീജലം ലഭിക്കാതിരുന്നാൽ പാകിസ്ഥാനിൽ രൂക്ഷമായ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തെഴുതിയതെന്നാണ് റിപ്പോർട്ട്. തന്ത്രപ്രധാനമായ ഈ വിഷയത്തിൽ ചർച്ചകൾ നടത്താനുള്ള പാകിസ്ഥാൻ സന്നദ്ധത കത്തിൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

പ്രതികാര നടപടികളുടെ ഭാഗമായി, പാകിസ്ഥാനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന നദിയിൽ നിന്ന് എടുക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി വർധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായും കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ടിനോട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.

ഒരു കക്ഷിക്ക് ഏകപക്ഷീയമായി പിന്മാറാൻ കരാറിൽ വ്യവസ്ഥയില്ലെന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദീജലം തടയുന്നത് യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്ഥാൻ പറഞ്ഞിരുന്നു. ഉടമ്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അന്താരാഷ്ട്ര നിയമപ്രകാരം വെല്ലുവിളിക്കാൻ കഴിയുമോ എന്നും ഇസ്ലാമാബാദ് പരിശോധിക്കുന്നുണ്ട്.

SCROLL FOR NEXT