ഡൽഹി: രാജ്യത്ത് പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ച് അമുലും മദർ ഡയറിയും. ബുധനാഴ്ച അർധരാത്രി 12 മണിക്ക് ശേഷം വില വർധന രാജ്യവ്യാപകമായി നിലവിൽ വരും. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുൽ പാൽ വില വർധിപ്പിച്ചിരുന്നു.
അമുലിന് സമാനമായാണ് രാജ്യത്തെ പൊതുമേഖലയിലെ പാൽ വിതരണക്കാരായ മദർ ഡയറിയും വില വർധന വരുത്തിയിട്ടുണ്ട്. മെയ് 14 മുതൽ പാലിന് ലിറ്ററിന് രണ്ട് രൂപ വർധിക്കുമെന്ന് മതർ ഡയറി അറിയിച്ചു. ഇതോടെ മദര്‍ ഡയറിയുടെ ഒരു ലിറ്റര്‍ പാലിൻ്റെ വില 58 രൂപയായി വർധിക്കും.
പാൽ ലിറ്ററിന് 2.5 മുതൽ 3.5 ശതമാനം വരെയാണ് അമുൽ വില വർധിപ്പിച്ചത്. പുതുക്കിയ വില പ്രകാരം, നിലവിൽ 29 രൂപ വിലയുള്ള അമുൽ പശുവിൻ പാൽ (500 മില്ലി) ഇനി 30 രൂപയ്ക്ക് ലഭിക്കും. അമുൽ ശക്തി പാലിൻ്റെ (500 മില്ലി) വിലയും അൽപ്പം കൂടും, വില 31 രൂപയിൽ നിന്ന് 32 രൂപയായി ഉയരും. ഒരു ലിറ്റർ പാക്കറ്റിലെ ടി സ്‌പെഷ്യൽ പാലിൻ്റെ വില 63 രൂപയിൽ നിന്ന് 66 രൂപയായി ഉയരും.
അമുൽ ഗോൾഡ് (500 മില്ലി) ഇനി മുതൽ 34 രൂപയ്ക്ക് പകരം 35 രൂപയാകും. അമുൽ താസ (500 മില്ലി) വില 28 രൂപയിൽ നിന്ന് 29 രൂപയായി ഉയർത്തി. അമുൽ ബഫല്ലോ മിൽക്കിനും (500 മില്ലി) വില കൂടും, എരുമ പാലിന് വില 37 രൂപയിൽ നിന്ന് 39 രൂപയായി ഉയരും.
നേരത്തെ മില്‍മയും പാല്‍വില ലിറ്ററിന് നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം ഔദ്യോഗികമായി വില കൂട്ടാനാണ് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു.