NATIONAL

കുർണൂൽ ബസ് അപകടത്തിൻ്റെ ആക്കം കൂട്ടിയത് 234 സ്മാർട്ട്ഫോണുകൾ! ഫോറൻസിക് റിപ്പോർട്ട്

ചൂട് കഠിനമായതിനാൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ വരെ ഉരുകിപ്പോയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: കുര്‍ണൂലില്‍ ബസിന് തീപിടിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിനുള്ളിൽ ഏകദേശം 234 സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നു. ഇത് തീപിടിത്തത്തിൻ്റെ ആക്കം കൂട്ടിയെന്നാണ് റിപ്പോർട്ട്. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് പെട്ടെന്ന് തീ പടരാൻ കാരണമെന്ന് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. 43 യാത്രക്കാരിൽ 19 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന ബിസിനസുകാരൻ പാഴ്‌സലായി അയച്ച മൊബൈൽ ഫോണുകളാണ് ബസിലുണ്ടായിരുന്നത്. 234 സ്മാർട്ട്‌ഫോണുകൾക്ക് 46 ലക്ഷം രൂപ വിലവരും. ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് അയച്ച ഫോണുകളായിരുന്നു ഇവ. തീപിടിത്തത്തിനിടെ ഫോണിൻ്റെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമേ, ബസിന്റെ എസി സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. ചൂട് കഠിനമായതിനാൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ വരെ ഉരുകിപ്പോയിരുന്നു.

ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് അപകടം നടന്നത്. ബസിന്റെ ഇന്ധന ടാങ്കില്‍ ബൈക്ക് ഉരഞ്ഞാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ബസിന്റെ വാതിലുകള്‍ ലോക്ക് ആയി കിടക്കുകയായിരുന്നുവെന്നും ഏറെ ബുദ്ധിമുട്ടിയാണ് ജനല്‍ ചില്ലുകള്‍ ചവിട്ടി തുറന്ന് പുറത്തു കടക്കാനായതെന്ന് യാത്രക്കാര്‍ ഓര്‍ത്തെടുത്തു.

ബസില്‍ ആ സമയം നിറയെ പുകയായിരുന്നു. പുറത്ത് കടന്നപ്പോള്‍ പലരും ബോധം കെട്ട് റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവരെ ഞങ്ങള്‍ ബസിനടുത്ത് നിന്നും മാറ്റിയെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു.

SCROLL FOR NEXT