റിലയന്‍സ് ഗ്രൂപ്പ് ചെയർമാന്‍ അനില്‍ അംബാനി Source: ANI
NATIONAL

17,000 കോടി രൂപയുടെ വായ്പ 'തട്ടിപ്പ്'; അനില്‍ അംബാനിയെ ഇഡി ചോദ്യം ചെയ്യും, ഓഗസ്റ്റ് 5ന് ഹാജരാകാന്‍ നിർദേശം

റിലയന്‍സ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് അനിലിനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയർമാന്‍ അനിൽ അംബാനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) നിർദേശം. വായ്പാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. റിലയന്‍സ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് അനിലിനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.

ഓഗസ്റ്റ് അഞ്ചിന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി അനില്‍ അംബാനിക്ക് നല്‍കിയിരിക്കുന്ന നിർദേശം. ഡല്‍ഹിയിലെ ഇഡി ഹെഡ് ക്വാർട്ടേഴ്സില്‍ ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാകും അനിലിന്റെ മൊഴി രേഖപ്പെടുത്തുക.

കഴിഞ്ഞ ആഴ്ചയാണ് അനില്‍ അംബാനിയുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടന്നത്. ജൂലൈ 24ന് ആരംഭിച്ച റെയ്ഡ് മൂന്ന് ദിവസം നീണ്ടു നിന്നു. 59 കമ്പനികളുടെയും 25 വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 35 ലധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ അനില്‍ അംബാനി ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനികളിലെ എക്സിക്യൂട്ടീവുകളുടെ ആസ്തികളും ഉള്‍പ്പെട്ടിരുന്നു.

2017-2019 കാലയളവിൽ അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ലോണ്‍ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റൽ സംബന്ധിച്ച ആരോപണങ്ങളിലായിരുന്നു ഇഡി പരിശോധന എന്നാണ് റിപ്പോർട്ട്. ക്രെഡിറ്റ് നയം ലംഘിച്ച് യെസ് ബാങ്ക് റിലയന്‍സ് ഗ്രൂപ്പിലെ കമ്പനികളെ വഴിവിട്ട് സഹായിച്ചുവെന്ന് കേന്ദ്ര ഏജൻസി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റിലയൻസ് മ്യൂച്വൽ ഫണ്ട് എടി-1 ബോണ്ടുകളിൽ നടത്തിയ 2,850 കോടിയുടെ നിക്ഷേപവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും കാനറ ബാങ്കും തമ്മിലുള്ള 1,050 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പ 'തട്ടിപ്പും' എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെട്ട ഏകദേശം 10,000 കോടിയു രൂപയുടെ വായ്പാ ഫണ്ട് വകമാറ്റവും ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അംബാനിയേയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനേയും 'തട്ടിപ്പുകാരുടെ' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിബിഐയിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണെന്നും കേന്ദ്ര സർക്കാർ അടുത്തിടെ പാർലമെന്റിനെ അറിയിച്ചിരുന്നു.

അതേസമയം, ഇഡിയുമായി തുടർന്നും സഹകരിക്കുമെന്നും പരിശോധനകള്‍ ഓഹരി ഉടമകളേയോ ജീവനക്കാരേയോ ബാധിക്കില്ലെന്നും റിലയൻസ് പവറിന്റെ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

SCROLL FOR NEXT