ചെന്നൈ അണ്ണാ സർവകലാശാലയിലെ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി ജ്ഞാനശേഖരന് (37) 30 വർഷം തടവും 90,000 രൂപ പിഴയും. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഴ്ച, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64(1) (ബലാത്സംഗം) ഉൾപ്പെടെ 11 വകുപ്പുകൾ പ്രകാരം ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.
30 വര്‍ഷമെങ്കിലും കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജ്ഞാനശേഖരനെതിരെ ബലാത്സംഗം അടക്കം ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായും കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായമായ അമ്മയെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ലാത്തതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ജ്ഞാനശേഖരനും ആവശ്യപ്പെട്ടിരുന്നു.
2024 ഡിസംബർ 23 ന് രാത്രിയാണ് അണ്ണാ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെടുന്നത്. ക്യാംപസിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് പരാതിയുമായി എത്തിയത്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും ആൺ സുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടഞ്ഞെന്നും, സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർഥിനിയുടെ മൊഴി. കോട്ടുപുരം സ്വദേശിയാണ് ജ്ഞാനശേഖരൻ.