ചെന്നൈ: പുതിയ സർക്കാർ ഇപ്പോഴും തെരഞ്ഞെടുപ്പ് വിജയാഘോഷ മൂഡിൽ നിന്നും ഇതുവരെ പുറത്തുകടന്നിട്ടില്ലെന്ന് ബിജെപി നേതാവ് അണ്ണാമലൈ ആരോപിച്ചു. വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചുമതലയേറ്റ് 15 ദിവസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം 17 കാരനായ സ്കൂൾ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവത്തിലും, കോയമ്പത്തൂരിൽ 10 വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കടുത്ത ആക്രമണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോയമ്പത്തൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിലെ ഒരു മന്ത്രി മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും, കേസിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.
ഇതോടെ പ്രതിപക്ഷത്തിൻ്റെ കടുത്ത ആക്രമണമാണ് വിജയ് സർക്കാർ നേരിടുന്നത്. തമിഴ്‌നാട്ടിൽ ലഹരിമരുന്ന് കച്ചവടക്കാർക്കും ലൈംഗിക അതിക്രമം നടത്തുന്നവർക്കും കൊലപാതകികൾക്കും ഇപ്പോൾ പൂർണ സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നത്. മുൻകാല സംഭവങ്ങളിൽ നിന്നും സംസ്ഥാന പൊലീസ് ഒരു പാഠവും പഠിച്ചതായി തോന്നുന്നില്ലെന്നും അണ്ണാമലൈ എക്സിൽ കുറിച്ചു.