Source: Social Media
NATIONAL

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്? ഡിഎംകെ-എഐഡിഎംകെ സഖ്യനീക്കം ശക്തമെന്ന് അഭ്യൂഹം

ഇരു പാർട്ടികളുടേയും നേതാക്കൾ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം

Author : വിന്നി പ്രകാശ്

തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്നതിനിടെ വീണ്ടും ട്വിസ്റ്റ്. രാഷ്ട്രീയത്തിൽ ബദ്ധവൈരികളായ ഡിഎംകെയും, എഐഎഡിഎംകെയും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി അഭ്യൂഹം ശക്തം. ഇരു പാർട്ടികളുടേയും നേതാക്കൾ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം. നിയമസഭയിൽ ഭൂരിപക്ഷം നേടുവാനുള്ള അംഗബലം തങ്ങൾക്കുള്ളതായി ഇരു പാർട്ടികളും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കറിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

എഐഎഡിഎംകെയിലെ നേതൃത്വ പ്രതിസന്ധി അവസാനിക്കുന്നതിനായി ഡിഎംകെ കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. വിജയ് ഇന്ന് രാവിലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടിയാണ് തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായയത്. എന്നാൽ സർക്കാർ രൂപീകരിക്കുവാനുള്ള ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ ഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുൾപ്പെടെ 112 എംഎൽഎമാർ മാത്രമേ ടിവികെയെ പിന്തുണയ്ക്കുന്നുള്ളൂ. ഇതിനെ തുടർന്ന് സർക്കാർ രൂപീകരിക്കുവാനുള്ള അനുമതി ഗവർണർ നിഷേധിച്ചിരുന്നു. സർക്കാർ രൂപീകരിക്കാൻ 6 എംഎൽഎമാരെ കൂടി ടിവികെയ്ക്ക് വേണമെന്നിരിക്കെയാണ് ഡിഎംകെയുടെ അപ്രതീക്ഷിത നീക്കം.

ഡിഎംകെ തെരഞ്ഞെടുപ്പിൽ നേടിയത് 59 സീറ്റുകൾ മാത്രമാണ്. സഖ്യ ചർച്ചകൾ വിജയിക്കുകയാണെങ്കിൽ എഐഎഡിഎംകെയുടെ 47 സീറ്റുകൾ കൂട്ടിയാലും അംഗബലം 106ൽ ഒതുങ്ങും. ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് വരുന്ന സാഹചര്യത്തിൽ വിസികെ, പിഎംകെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് എന്നീ ചെറിയ പാർട്ടികൾ കൂടി പിന്തുണ ഉറപ്പാക്കിയാലേ സഖ്യത്തിന് 118 സീറ്റുകൾ തികയ്ക്കാനാകൂ.

എഐഎഡിഎംകെ എംഎൽഎമാരിൽ പകുതിയിലധികം പേരും സർക്കാർ രൂപീകരണത്തിൽ ടിവികെയെ പിന്തുണയ്ക്കുന്നതിനെ അനുകൂലിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.

അതേസമയം, രണ്ട് മുഖ്യ എതിരാളികളും തമ്മിലുള്ള സഖ്യ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഡിഎംകെ വക്താവ് എ. ശരവണൻ നിഷേധിച്ചിട്ടുണ്ട്.

SCROLL FOR NEXT