NATIONAL

ആരവല്ലിയിൽ പുതിയ ഖനനപാട്ടം നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം; തലതിരിഞ്ഞ നിർവചനം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ആളിക്കത്തുന്ന പ്രതിഷേധം

കുന്നുകളുടെ നിർവചനം പൂർണമായും പഴയ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് തിരുത്താൻ തയ്യാറായിട്ടില്ല.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസ് അനുവദിക്കുന്നതിന് സമ്പൂർണ നിരോധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആരവല്ലി കടന്നുപോകുന്ന നാല് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. ആരവല്ലിയിലെ സംരക്ഷിത മേഖല വിപുലീകരിക്കാനും തീരുമാനിച്ചു. പുതിയ കരിങ്കൽ ക്വാറികൾക്കോ മറ്റു ഖനന പ്രവർത്തനങ്ങൾക്കോ ഇനി അനുമതി ലഭിക്കില്ല. എന്നാല്‍ നിലവില്‍ ഉള്ളവയ്ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. കുന്നുകളുടെ നിർവചനം പൂർണമായും പഴയ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് തിരുത്താൻ തയ്യാറായിട്ടില്ല.

ഗുജറാത്ത് മുതൽ ഡൽഹി വരെയുള്ള ആരവല്ലിയുടെ ഭൗമശാസ്ത്രപരമായ അതിർവരമ്പുകളെ സംരക്ഷിച്ച് നിർത്തുന്നതിനായാണ് ഖനനം നിർത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ ആരവല്ലിയിൽ പ്രവർത്തിക്കുന്ന ഖനനപാട്ടങ്ങൾ സുപ്രീം കോടതി ഉത്തരവ് പാലിച്ചും മതിയായ പാരിസ്ഥിതിക സുരക്ഷ പാലിച്ചുമാണെന്ന് അതത് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ആരവല്ലിയുടെ പാരിസ്ഥിതിക ആവാസവ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

ആരവല്ലി മേഖലയിൽ നിലവിലുള്ള ഖനന നിരോധിത മേഖലയ്ക്ക് പുറമെ പുതുതായി ഖനന വിലക്ക് ഏർപ്പെടുത്തണമെങ്കിൽ അറിയിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷന് പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി. ആരവല്ലി കുന്നുകൾക്കും മലനിരകൾക്കും പ്രഖ്യാപിച്ച പുതിയ നിർവചനം ആ മേഖലയുടെ പാരിസ്ഥിതിക നാശത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിൽ രാജസ്ഥാനിലും ഹരിയാനയിലും ഉൾപ്പെടെ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറിയതോടെ ആണ് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.

വിവാദം എന്തിന്?

സംരക്ഷിത വനമേഖലയായി പരിഗണിക്കപ്പെടുന്ന ആരവല്ലി കുന്നുകളുടെ നിർവചനം മാറ്റിയതാണ് വന്‍പ്രതിഷേധത്തിന് കാരണമായത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ പുതിയ നിർവചനത്തിന് സുപ്രീം കോടതിയും അംഗീകാരം നൽകിയതോടെ ആരവല്ലിയുടെ ഏതാണ്ട് 90 ശതമാനവും സംരക്ഷണ പരിധിയിൽ നിന്ന് പുറത്തായി. ഭൂനിരപ്പിൽനിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള ഭൂപ്രകൃതികളെ മാത്രമേ ഇനി കുന്നായി കണക്കാക്കൂ.

100 മീറ്ററിലധികം ഉയരമുള്ള രണ്ട് കുന്നുകൾ തമ്മിലുള്ള അകലം 500 മീറ്ററിൽ താഴെയാണെങ്കിൽ മാത്രമേ അവ പർവതമായി കണക്കാക്കൂ. ഈ ഉയരമോ ദൂരപരിധിയോ ഇല്ലാത്ത ചെറിയ കുന്നുകൾ, പാറക്കെട്ടുകൾ, മൺകൂനകൾ എന്നിവ 'ആരവല്ലി'യുടെ ഭാഗമല്ലാതായി മാറും. നിർവചനം മാറുന്നതോടെ പല കുന്നുകളും സമതലങ്ങളാകും. ഇത് വൻകിട ക്വാറി ഉടമകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും നിയമതടസമില്ലാതെ ഖനനവും നിർമാണവും നടത്താനാകും.

പുകയുന്ന പ്രതിഷേധം

1.44 ലക്ഷം ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന ആരവല്ലിയുടെ 90 ശതമാനവും കുറ്റിച്ചെടികൾ നിറഞ്ഞ ചെറിയ കുന്നിൻമേടുകളാണ്. ഈ മലനിരകളാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യക്ക്‌ ആവശ്യമായ ഭൂഗർഭജലം സംഭരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ ചൂണ്ടിക്കാട്ടുന്നു. താർ മരുഭൂമിയിലെ പൊടിക്കാറ്റിൽ നിന്നും രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടുന്ന മേഖലയെ രക്ഷിക്കുന്നതും ആരവല്ലി മലനിരകളാണ്‌. ആരവല്ലി ഇല്ലാതായാൽ ഡൽഹിയിലെ വായു മലിനീകരണം ഇനിയും പലമടങ്ങായി കൂടുമെന്നതും ആശങ്കയുണർത്തുന്ന കാര്യമാണ്.

ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലാണ്‌ മലനിരകൾ വ്യാപിച്ചുകിടക്കുന്നത്‌. രാജസ്ഥാനിലാണ്‌ പ്രതിഷേധങ്ങൾ ഏറ്റവും ശക്തമായിരുന്നത്. ജോധ്പുർ, ഉദയ്‌പ‍ൂർ മേഖലകളിൽ കഴിഞ്ഞ ദിവസം പതിനായിരങ്ങൾ തെരുവിലിറങ്ങി. കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ 5000ത്തിലേറെ ട്രാക്‌ടറുകളുമായി കർഷകർ തെരുവിലിറങ്ങി.

SCROLL FOR NEXT