ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയ്ക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ആംആദ്മി തലവനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍. സ്വര്‍ണ കാന്ത ശര്‍മയെ മദ്യനയ കേസിലെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെജ്‍രിവാള്‍ ജസ്റ്റിസ് സ്വര്‍ണ കാന്തയ്ക്ക് കത്തയച്ചു.
സ്വര്‍ണ കാന്തയില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കത്തില്‍ കെജ്‌രിവാള്‍ പറയുന്നു. സിബിഐ കോടതി വെറുതെ വിട്ടതിനെതിരെയുള്ള അപ്പീല്‍ ജസ്റ്റിസ് സ്വര്‍ണ കാന്തയാണ് പരിഗണിക്കുന്നത്.
ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വര്‍ണ കാന്തയ്ക്കെതിരെ ഗാന്ധിയുടെ മാതൃകയില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും കെജ്‍രിവാള്‍ കത്തില്‍ പറഞ്ഞു.
ജഡ്ജിയുടെ മക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ പാനല്‍ അഭിഭാഷകരായി ജോലി ചെയ്യുന്നതും തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയ്ക്ക് ഇവരുമായി ഉള്ള പ്രൊഫഷണല്‍ ബന്ധവും കത്തില്‍ കെജ്‌രിവാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാത്രമല്ല, ആര്‍എസ്എസ് അനുബന്ധ സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളില്‍ ജഡ്ജി പങ്കെടുത്തതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം കോടതിയില്‍ ഹാജരാകാത്തത് കെജ്‌രിവാളിന് നിയമപരമായ തിരിച്ചടി ഉണ്ടാക്കിയേക്കാം. എന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്.