ന്യൂ ഡല്‍ഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി നേതാക്കളും തങ്ങളുടെ ഭരണകാലത്ത് ഒന്നിലധികം ആഡംബര മൊബൈൽ ഫോണുകൾ വാങ്ങിയതായി ആരോപണം. ഇത് സർക്കാർ ചെലവ് പരിധികൾ ലംഘിച്ചാണെന്നാണ് ഡൽഹി മന്ത്രിയും ബിജെപി നേതാവുമായ ആശിഷ് സൂദ് ആരോപിക്കുന്നത്.
2013ലെ സർക്കാർ സർക്കുലർ പ്രകാരം കെജ്‌രിവാളും സിസോദിയയും മറ്റ് എഎപി നേതാക്കളും മൊബൈൽ ഫോൺ വാങ്ങുന്നതിനായി നിശ്ചയിച്ച സാമ്പത്തിക പരിധിക്കും അപ്പുറം പണം ചെലവഴിച്ചുവെന്നാണ് സൂദ് അവകാശപ്പെടുന്നത്. ഡൽഹി സർക്കാരിന്റെ പൊതുഭരണ വകുപ്പ് ( പുറപ്പെടുവിച്ച സർക്കുലറിൽ, മുഖ്യമന്ത്രിക്ക് 50,000 രൂപ വരെ വിലയുള്ള മൊബൈൽ ഫോണും മറ്റ് മന്ത്രിമാർക്ക് 45,000 രൂപ വരെ വിലയുള്ള ഫോണുകളും വാങ്ങാൻ വാങ്ങാൻ അർഹതയുണ്ടെന്നാണ് പറയുന്നത്.
എന്നാല്‍, കെജ്‌രിവാൾ ഉയർന്ന വിലയുള്ള നാല് ഐഫോണുകൾ വാങ്ങിയെന്ന് സൂദ് ആരോപിക്കുന്നു. ഓരോന്നിനും അനുവദനീയമായ തുകയേക്കാൾ വളരെ ഉയർന്ന വിലയുണ്ടെന്നും സൂദ് ആരോപിച്ചു. 81,000 രൂപ വിലയുള്ള ഒരു ഫോണും 1.63 ലക്ഷം രൂപ വിലയുള്ള മറ്റൊരു ഫോണും ഇതില്‍ ഉൾപ്പെടുന്നു. മൊബൈൽ ഫോൺ റീഇംബേഴ്‌സ്‌മെന്റ് 50,000 രൂപ ആയിരിക്കുമ്പോൾ വാങ്ങിയതാണിവ. തന്റെ ഭരണകാലത്ത് കെജ്‌രിവാൾ നാല് തവണ പുതിയ മൊബൈലുകൾ വാങ്ങിയെന്നും ഓരോ തവണയും അനുവദനീയമായ തുകയുടെ "ഇരട്ടിയോ മൂന്നിരട്ടിയോ" തുക ചെലവാക്കിയെന്നും മന്ത്രി പറയുന്നു.
2017-2022 കാലത്ത് മൂന്ന് ഐഫോണുകള്‍ ഉള്‍പ്പെടെ അഞ്ച് ആഡംബര ഫോണുകള്‍ വാങ്ങിയതായാണ് മനീഷ് സിസോദിയയുടെ പേരിലുള്ള ആരോപണം. മുൻ മുഖ്യമന്ത്രി അതിഷി, നിശ്ചിത ചെലവ് പരിധി കടന്ന് 2023ൽ ഒരു ഐഫോൺ വാങ്ങിയതായും വിമർശനമുണ്ട്.
പൊതുഭരണ വകുപ്പിന്റെ പുതിയ നയ പ്രകാരം, മുഖ്യമന്ത്രിക്ക് 1.5 ലക്ഷം രൂപ വരെയും മറ്റ് മന്ത്രിമാർക്ക് 1.25 ലക്ഷം രൂപ വരെയും വിലയുള്ള ഹാൻഡ്‌സെറ്റുകൾ വാങ്ങാം. പ്രതിമാസ ഫോണ്‍ ബില്ലും സർക്കാർ വഹിക്കും. 12 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഭേദഗതി വരുന്നത്. ബിജെപി സർക്കാർ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം തങ്ങളുടെ നേതാക്കള്‍ക്കായി ആഡംബര സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നായിരുന്നു എഎപിയുടെ വിമർശനം. ഇതിനു പിന്നാലെയാണ് എഎപി നേതാക്കള്‍ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.