രാഹുൽ ഗാന്ധി 
NATIONAL

"ഗ്യാനേഷിനെ കേന്ദ്രം സംരക്ഷിക്കുന്നിടത്തോളം കാലം ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ഈ സമരം തുടരും"; പൊതുജനങ്ങളെ സമരത്തിലേക്ക് ക്ഷണിച്ച് രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകാനായി സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിനെ കാണുമെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം പരാതി സമർപ്പിക്കുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്ര സർക്കാർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പോകുന്ന അത്രയും കാലം ഈ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത് ഒറ്റപ്പെട്ട സമരങ്ങളല്ലെന്നും സമാന്തര ചിന്താഗതിയിലുള്ള ഇന്ത്യൻ ജനതയുടെ ഒറ്റക്കെട്ടായുള്ള സമരമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും എസ്.ഐ.ആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിനെ കാണുമെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം പരാതി സമർപ്പിക്കുമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ചെയ്യുന്നത് വലിയ തെറ്റാണെന്നും എന്തിനാണ് ഡൽഹിയെ ഇത്ര വലിയ ജയിലാക്കി മാറ്റുന്നതെന്നും രാഹുൽ ചോദിച്ചു. "ഈ പോരാട്ടത്തിൽ സേനയടക്കമുള്ളവർ എല്ലാവരും ഒരു വശത്തും മോദി-അമിത് ഷാ-ഗ്യാനേഷ് മറുവശത്തുമാണ്. എന്തിനാണ് മോദി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത്? ഡൽഹിയിൽ പൊലീസ് അതിക്രമത്തിൻ്റെ മറവിൽ നടക്കുന്നത് ആർഎസ്എസ്-ബിജെപി അഴിഞ്ഞാട്ടമാണ്. ഇതിനെതിരായാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. സർക്കാർ ചെയ്യുന്നത് വലിയ തെറ്റാണ്," പ്രതിപക്ഷ നേതാവ് പറഞ്ഞു.

"ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകളാണ് ഭരണഘടനയെ വിശ്വസിച്ച് ജീവിക്കുന്നത്. ഈ സർക്കാർ ഭരണഘടനയെ ആണ് ആക്രമിക്കുന്നത്. ഈ പോരാട്ടം അഞ്ച് ദിവസം മുൻപ് ആരംഭിച്ചിതല്ല. വർഷങ്ങളായി ഈ പ്രതിരോധം തുടരുന്നുണ്ട്. ഈ പ്രതിഷേധം തുടരും. സുപ്രീം കോടതിയിൽ പരാതി നൽകാനായാൽ അതൊരു തുടർച്ച മാത്രമാണ്," രാഹുൽ പറഞ്ഞു.

"ഇന്ത്യക്ക് നീതി ലഭിക്കുന്നത് വരെ ഇന്ത്യയിലെ യുവാക്കൾ വെറുതെയിരിക്കില്ല. എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും ഈ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിന്മാറില്ല. ഭരണഘടനയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങൾക്കൊപ്പം അണിചേരാം. ഇത് രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമല്ല. ഇത് ഇന്ത്യൻ ജനതയുടെ ഭാവി, അന്തസ്, ആത്മവിശ്വാസം എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ മാധ്യമങ്ങൾ രാജ്യത്തിൻ്റെ സത്യാവസ്ഥ തുറന്നുകാണിക്കണം. നിങ്ങളുടെ മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നതെന്ന് നിങ്ങൾ തിരിച്ചറിയണം. ഈ രാജ്യത്തിൻ്റെ മുഴുവൻ സിസ്റ്റങ്ങളും മോദി സർക്കാർ തകർത്തിരിക്കുകയാണ്," രാഹുൽ പറഞ്ഞു.

SCROLL FOR NEXT