ന്യൂഡല്‍ഹി: സിന്ധു നദി ജലക്കരാറുമായി ബന്ധപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഭീഷണികള്‍ക്ക് മറുപടിയുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. പാകിസ്ഥാന്‍ നേതാവ് വിവരക്കേട് പറയരുതെന്ന് പറഞ്ഞ ഒവൈസി ഇന്ത്യയുടെ പക്കല്‍ ബ്രഹ്‍മോസ് മിസൈലുകള്‍ ഉണ്ടെന്ന മുന്നറിയിപ്പും നല്‍കി.
"ഞങ്ങളുടെ പക്കല്‍ ബ്രഹ്‍മോസ് ഉണ്ട്. ഒമ്പത് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന വാർത്ത ലഭിക്കുമ്പോൾ താൻ നീന്തൽ വേഷത്തിലായിരുന്നുവെന്നാണ് അദ്ദേഹം (ഷെരീഫ്) പറഞ്ഞത്. ഇത്തരം അസംബന്ധം പറയരുത്. അദ്ദേഹം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ല," ഒവൈസി പറഞ്ഞു. സിന്ധു നദീജല കരാർ സർക്കാർ നിർത്തിവെച്ചിരിക്കുകയാണെന്നും ഇന്ത്യ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ഹൈദരാബാദ് എംപി കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദിലെ ഒരു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഭീഷണി. ശത്രുക്കള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ഒരിറ്റ് ജലം തട്ടിപ്പറിക്കാന്‍ സാധിക്കില്ല. നിങ്ങൾ ജലം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അതിന് തുനിഞ്ഞാല്‍, പാകിസ്ഥാന്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും, ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീറും സമാനമായ ഭീഷണി മുഴക്കിയിരുന്നു. സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമായിരുന്നു പാക് കരസേനാ മേധാവിയുടെ ഭീഷണി.
2025 ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദി ജല കരാറില്‍ നിന്നും പിന്മാറിയത്. പാകിസ്ഥാന്‍ ഭീകരവാദത്തിനെ പിന്തുണയ്ക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കും വരെ ഇരുരാജ്യങഅങളും തമ്മിലുള്ള ജലം പങ്കിടല് കരാർ തല്‍സ്ഥിതി തുടരുമെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞത്.