Source: X
NATIONAL

റോബോ ഡോഗ് അടിച്ചുമാറ്റിയതാണെന്ന് വ്യക്തമായി; പിന്നാലെ ലിങ്ക്ഡ്ഇന്‍ ബയോയില്‍ 'ഓപ്പണ്‍ ടു വര്‍ക്ക്' മോഡ്

ഇതിനിടയില്‍ പ്രൊഫസറുടെ ലിങ്ക്ഡിന്‍ പ്രൊഫൈലിലെ മാറ്റവും ചര്‍ച്ചയായിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ചൈനീസ് നിര്‍മിത റോബോട്ടിക് നായയെ സ്വന്തമായി നിര്‍മിച്ചതെന്ന് പറഞ്ഞ് പുലിവാല് പിടിച്ച ഉത്തര്‍പ്രദേശിലെ ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രൊഫസര്‍ നേഹ വിശദീകരണവുമായി രംഗത്ത്.

റോബോര്‍ട്ടിനെ കുറിച്ച് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രൊഫസറുടെ വിശദീകരണം. യൂണിട്രീ വികസിപ്പിച്ച റോബോട്ടിനെ ഓറിയോണ്‍ എന്ന പേരില്‍ സര്‍വകലാശാലയില്‍ വികസിപ്പിച്ചുവെന്ന് അവകാശപ്പെട്ടാണ് പ്രൊഫസര്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലാകുകയും സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം നേരിടുകയും ചെയ്തതോടെയാണ് പ്രൊഫസര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇതിനിടയില്‍ പ്രൊഫസറുടെ ലിങ്ക്ഡിന്‍ പ്രൊഫൈലിലെ മാറ്റവും ചര്‍ച്ചയായിരിക്കുകയാണ്.

'ഓപ്പണ്‍ ടു വര്‍ക്ക്' എന്നാണ് നേഹ സിങ്ങിന്റെ പ്രൊഫൈലില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. പ്രൊഫസറുടെ അവകാശവാദം വിവാദമായതോടെ ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയും മൗനം പാലിച്ചിരുന്നു. സര്‍വകലാശാലയില്‍ വികസിപ്പിച്ച റോബോ ഡോഗ് ആണെന്ന അവകാശവാദത്തില്‍ നിന്ന് അധികൃതര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഉപകരണം നിര്‍മിച്ചതായി ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. ഇതിനിടയിലാണ് പ്രൊഫസറുടെ ലിങ്ക്ഡിന് ബോയിയിലെ മാറ്റം എന്നതും ശ്രദ്ധേയമാണ്.

ഓണ്‍ലൈനില്‍ 2 ലക്ഷം മുതല്‍ വിലയുള്ള റോബോഡോഗിനെ തദ്ദേശിയമായി വികസിപ്പിച്ചെടുത്തതാണെന്ന് നേഹ വീഡിയോയില്‍ അവകാശപ്പെട്ടതോടെയാണ് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം കനത്തതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണം നടത്തുവാനും അതിന്റെ പരിധികള്‍ പരീക്ഷിക്കുന്നതിനും വേണ്ടി യൂണിട്രീയില്‍ നിന്ന് അടുത്തിടെ റോബോഡോഗിനെ വാങ്ങിയതാണെന്ന വിശദീകരണവും സര്‍വകലാശാല എക്‌സില്‍ പങ്കുവെച്ചിരുന്നു.

SCROLL FOR NEXT