അയോധ്യ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ കടുത്ത നിലപാടുമായി ഫൈസാബാദ് ബാര്‍ അസോസിയേഷന്‍. കേസില്‍ പ്രതികളായവര്‍ക്കു വേണ്ടി ഹാജരാകില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. ബാര്‍ അസോസിയേഷനിലെ ഏതെങ്കിലും അംഗങ്ങള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ജനറല്‍ ബോഡി മീറ്റിങ്ങില്‍ തീരുമാനമെടുത്തു.
പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കുറ്റാരോപിതരായ ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ അയോധ്യ വിട്ടുപോകണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നഗരം ഉപരോധിക്കുമെന്നാണ് അഭിഭാഷകരുടെ മുന്നറിയിപ്പ്.
ക്ഷേത്രത്തില്‍ നിന്ന് മോഷണം നടത്തിയ പ്രതികള്‍ എല്ലാവരുടേയും വികാരം വ്രണപ്പെടുത്തിയെന്നും അവര്‍ക്കായി ഹാജരാകില്ലെന്നും ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ശൈലേന്ദ്ര ജെയ്‌സ്വാള്‍ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി , വജ്രം അടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നുവെന്ന ആരോപണത്തില്‍ എസ് ഐ ടി അന്വേഷണം തുടരുകയാണ്. പ്രാണ പ്രതിഷ്ഠാ സമയത്ത് ജുവല്ലേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച 60 കിലോ വെള്ളിക്കട്ടികളും കാണാതായിട്ടുണ്ട്.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേരാണ് പൊലീസ് പിടിയിലായത്. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുശ മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡേ, രമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്ത, രാം ശങ്കര്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് കേസ്. അവര്‍ പണം തട്ടുന്നത് സിസിടിവിയില്‍ പതിയുകയും അതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതികളുടെ ജീവിത നിലവാരത്തിലുണ്ടായ മാറ്റവും പൊലീസ് അന്വേഷിച്ച് വരികയാണ്. നാല് വര്‍ഷത്തിനിടെ സമ്പത്തിലുണ്ടായ മാറ്റം, പ്രത്യേകിച്ചും ഭൂമി, ആഭരണങ്ങള്‍, ബാങ്ക് സേവിങ്ങ്സ്‌കുള്‍ എന്നിവയാണ് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എട്ട് പതികളുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു.