അയോധ്യ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പേരുടെയും വീടുകളില്‍ റെയ്ഡ് നടത്തി പൊലീസ്. ഒരേ സമയമാണ് എട്ട് പേരുടെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസിനൊപ്പം മജിസ്‌ട്രേറ്റും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് റെയ്ഡുകള്‍ നടത്തിയത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതികളുടെ ജീവിത നിലവാരത്തിലുണ്ടായ മാറ്റവും പൊലീസ് അന്വേഷിച്ച് വരികയാണ്. നാല് വര്‍ഷത്തിനിടെ സമ്പത്തിലുണ്ടായ മാറ്റം, പ്രത്യേകിച്ചും ഭൂമി, ആഭരണങ്ങള്‍, ബാങ്ക് സേവിങ്ങ്‌സ്‌കുള്‍ എന്നിവയാണ് പൊലീസ് പരിശോധിച്ച് വരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
പ്രതികള്‍ വീടും സമ്പത്തുമടക്കം വികസിപ്പിച്ചിട്ടുണ്ടോ എന്നും റെയ്ഡില്‍ പരിശോധിക്കുന്നു. അതേസമയം പ്രതികളായ ടിന്നു മനീഷ് എന്നിവര്‍ പൊലീസിനോട് സഹകരിക്കുന്നില്ലെന്നും സൂചനകളുണ്ട്. കുടുംബത്തിന് സാമ്പത്തികമായി ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അയല്‍വാസികളോടും പൊലീസ് ചോദിച്ചറിഞ്ഞ് വരികയാണ്. രാമക്ഷേത്ര ട്രസ്റ്റില്‍ ജോലിയെടുക്കാന്‍ തുടങ്ങിയ ശേഷം പ്രതികളില്‍ ഒരാളായ അനുകല്‍പ്പ് മിശ്രയ്ക്ക് വലിയ സാമ്പത്തിക മാറ്റം ഉണ്ടായെന്നും അതുവരെ ഇടത്തരം സാമ്പത്തിക സ്ഥിതിയായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നതെന്നും അനുകല്‍പ്പിന്റെ ബന്ധുവായ നേഹ മിശ്ര പൊലീസിനോട് പറഞ്ഞു.
ക്ഷേത്ര ട്രസ്റ്റ് വിവരങ്ങളില്‍ നിന്ന് 7 മുതല്‍ 7.5 കോടി രൂപ വരെ കാണാതായെന്നാണ് കണക്ക്. ഇതില്‍ 79.85 ലക്ഷം രൂപവരെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് റെയ്ഡിനിടെ കണ്ടെത്തിയതാണോ എന്ന് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേരാണ് പൊലീസ് പിടിയിലായത്. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുശ മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡേ, രമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്ത, രാം ശങ്കര്‍ യാദവ് എന്നിവര്‍ക്കെതിരെയാണ് കേസ്. അവര്‍ പണം തട്ടുന്നത് സിസിടിവിയില്‍ പതിയുകയും അതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.