NATIONAL

കര്‍ണാടക എംഎല്‍സി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സിറ്റിങ് സീറ്റ് ഉൾപ്പെടെ നാലിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വിജയം

ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലമാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ഭരണകക്ഷിക്ക് കാലിടറി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് അടക്കം നാല് സീറ്റുകളിലും എന്‍ഡിഎ വിജയിച്ചു.

മൂന്ന് സീറ്റുകളില്‍ ബിജെപി, ഒരു മണ്ഡലത്തില്‍ ജെഡിഎസ് എന്നിങ്ങനെയാണ് എന്‍ഡിഎ നേടിയത്. ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലമാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകിയത്. ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തില്‍ അഞ്ച് തവണ എംഎല്‍സിയായ കോണ്‍ഗ്രസിന്റെ പുട്ടണ്ണയെ പരാജയപ്പെടുത്തിയാണ് ജെഡിഎസ് സ്ഥാനാര്‍ഥി എ. പി. രംഗനാഥ് സീറ്റ് പിടിച്ചെടുത്തത്.

വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ ബിജെപിയുടെ എസ് വി ശങ്കന്നൂര്‍ കോണ്‍ഗ്രസിന്റെ മോഹന്‍ ലിംബികായിയെ 4277 വോട്ടിന് പരാജയപ്പെടുത്തി. അതേസമയം നോര്‍ത്ത് ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ശശി ജി. നമോഷി അഞ്ചാം തവണയും വിജയിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജന്മസ്ഥലമായ കലബുര്‍ഗി അടക്കം ഉള്‍പ്പെടുന്ന മണ്ഡലത്തിലാണ് ശരണപ്പ മറ്റൂറിനെ തോല്‍പ്പിച്ച് നമോഷി വിജയിച്ചത്. സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റില്‍ ബിജെപിയുടെ കെ. എം. സുരേഷ് കോണ്‍ഗ്രസിന്റെ ശശി ഹുലികുണ്‍ഡേ മറ്റിനെയാണ് തോല്‍പ്പിച്ചത്.

ഒക്ടോബര്‍ 23നാണ് എംഎല്‍സി തെരഞ്ഞെടുപ്പ് നടന്നത്. 75 അംഗ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിലവില്‍ 38 കോണ്‍ഗ്രസ് അംഗങ്ങളും 24 ബിജെപി അംഗങ്ങളുമാണുള്ളത്. ആറ് പേര്‍ ജെഡിഎസില്‍ നിന്നും ഒരു സ്വതന്ത്രനും ഒരു ചെയര്‍മാനും അംഗങ്ങളായുണ്ട്. ഇതില്‍ സര്‍ക്കാര്‍ നോമിനേഷനുവേണ്ടി അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ ഒഴിവുകള്‍ നികത്തപ്പെടുമ്പോള്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ഉയര്‍ന്നു തന്നെ നില്‍ക്കും.

SCROLL FOR NEXT