ഡൽഹി: ബിഹാർ മുഖ്യമന്ത്രി പദം രാജിവച്ച് രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം പരസ്യമാക്കി നിതീഷ് കുമാർ. രാജ്യസഭയിലേക്ക് പോകണമെന്ന് ഒരാഗ്രഹം മനസിൽ ഉണ്ടായിരുന്നുവെന്നും അത് നിറവേറ്റുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി പദം ഉപേക്ഷിക്കുന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി. രൂപീകരിക്കപ്പെടുന്ന പുതിയ ബിഹാർ സർക്കാരിന് തൻ്റെ പൂർണ സഹകരണവും മാർഗനിർദ്ദേശവും ഉണ്ടായിരിക്കുമെന്നും നിതീഷ് കൂട്ടിച്ചേർത്തു.
രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് ഇന്ന് പത്രിക സമർപ്പിക്കുമെന്നാണ് വിവരം. ലോക്‌സഭാ എംപി, എംഎൽഎ, എംഎൽസി എന്നീ നിലകളിൽ നിതീഷ് ഇതിനോടകം പ്രവർത്തിച്ചിട്ടുണ്ട്. നിതീഷ് ബിഹാർ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമ്പോൾ ബിജെപി ഏറെക്കാലമായി കാത്തിരിക്കുന്ന മുഖ്യമന്ത്രി പദവി ഏറ്റെടുക്കുകയും നിതീഷിൻ്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കും എന്നുമാണ് റിപ്പോർട്ടുകൾ.
"രണ്ട് പതിറ്റാണ്ടിലേറെയായി എന്നിൽ നിങ്ങളുടെ വിശ്വാസവും പിന്തുണയും സ്ഥിരമായി അർപ്പിച്ചിട്ടുണ്ട്. ആ വിശ്വാസത്തിൻ്റെ ശക്തിയിലാണ് ബിഹാറിലെ ജനങ്ങളെ സേവിച്ചിട്ടുള്ളത്. നിങ്ങളുടെ വിശ്വാസത്തിൻ്റേയും പിന്തുണയുടെയും ശക്തിയാണ് ഇന്ന് ബിഹാറിന് വികസനത്തിൻ്റേയും അന്തസ്സിൻ്റേയും ഒരു പുതിയ മാനം അവതരിപ്പിക്കാൻ സാധിച്ചത്," നിതീഷ് എക്സിൽ കുറിച്ചു.
"നിങ്ങളോടുള്ള ബന്ധം ഭാവിയിലും തുടരും. വികസിത ബിഹാർ കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ശക്തമായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു," നിതീഷ് കുമാർ കൂട്ടിച്ചേർത്തു.