ബിഹാർ: ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ജാതകം നിർണയിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ നെഞ്ചിടിപ്പിലാണ് രാജ്യം. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പൂജയുമായി ബിജെപി നേതാക്കൾ. പട്നയിലെ ഹനുമാൻ ക്ഷേത്രം, അശോക്ദാം ക്ഷേത്രം എന്നിവിടങ്ങളിലാണ് ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയത്തിനായി പൂജകൾ നടത്തിയത്. ബിഹാർ ഉപമുഖ്യമന്ത്രിയും ലഖിസാരായിയിലേക്കുള്ള സ്ഥാനാർഥിയുമായ വിജയ് കുമാർ സിൻഹ അശോക്ധാം ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി.
രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഇരു മുന്നണികളുടേയും അവകാശവാദം. ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ.
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. എന്നാൽ ഉയർന്ന പോളിങ് ശതമാനം അനുകൂലമാകുമെന്നും ബിഹാറിൽ ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. കന്നിയങ്കത്തിന് ഇറങ്ങിയ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി നേടുന്ന വോട്ടുകളും നിർണായകമാകും.