പട്ന: ബിഹാറിൽ ജില്ലാ കലക്ടറേറ്റ് ലേലത്തിന് വെക്കുന്നു. മധുബനി ജില്ലാ കലക്ടറേറ്റിന്റെ ഒരു ഭാഗമാണ് നവംബർ 26ന് ലേലം ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടം ഒരു സ്വകാര്യ കമ്പനിക്ക് കുടിശ്ശികയായി നൽകാനുള്ള 4.17 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി.
മധുബനിയിലെ പാണ്ഡൂൾ സ്പിന്നിംഗ് മിൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊൽക്കത്ത ആസ്ഥാനമായുള്ള രാധാകൃഷ്ണ എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ബിഹാർ സർക്കാർ പണം നൽകാനുള്ളത്. 2025 ജൂൺ 17നകം തുക നൽകണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, ഒരു വർഷത്തിലേറെയായി കുടിശ്ശിക അടച്ചുതീർക്കാത്തതിനെ തുടർന്ന് മധുബനി ജില്ലാ-സെഷൻസ് കോടതി ജഡ്ജി പവൻ കുമാർ പാണ്ഡെ 2026 ഓഗസ്റ്റ് 27ന് കലക്ടറേറ്റ് സ്വത്തിന്റെ ഒരു ഭാഗം ലേലം ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ആദ്യ ലേലം 2026 നവംബർ അഞ്ചിന് നിശ്ചയിക്കുകയും ചെയ്തിരുന്നു.
നേരത്തെ, 2025 ജൂൺ 17-ന്, അന്നത്തെ ജില്ലാ, സെഷൻസ് ജഡ്ജി അനാമിക ടി. പണം നൽകാൻ ഉത്തരവിടുകയും കുടിശ്ശിക തീർന്നില്ലെങ്കിൽ സ്വത്ത് ലേലം ചെയ്യാമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ബിഹാർ സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. നവംബർ 7-ന് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിരുന്ന കേസ് ഇപ്പോൾ നവംബർ 26-ലേക്ക് മാറ്റി.
2026 ഒക്ടോബർ ഒന്നിന് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻ ജഡ്ജി പവൻ കുമാർ പാണ്ഡെ മധുബനി കലക്ടറേറ്റ് കെട്ടിടത്തിന്റെ ഏകദേശം നാലിലൊരു ഭാഗം ലേലം ചെയ്യാൻ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നസീർ അവധേഷ് കുമാറും നായിബ് നസീർ വികാസ് കുമാറും ലേല നോട്ടീസിന്റെ പകർപ്പുകൾ കളക്ടറേറ്റ് പരിസരത്ത് ഒട്ടിച്ചു.
കലക്ടറേറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് മൂന്നു തവണ ലേല നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ലേല നടപടിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയിട്ടുണ്ടെന്നും നവംബർ 26 ന് വിഷയം പരിഗണിക്കുമെന്നും സർക്കാർ അഭിഭാഷകൻ സരോജനന്ദ് ഝാ പറഞ്ഞു.