സുപ്രീം കോടതി Source: ANI
NATIONAL

ബിഹാർ എസ്‌ഐആർ: എതിര്‍പ്പറിയിക്കാന്‍ വോട്ടര്‍മാര്‍ക്ക് രണ്ടാഴ്ച കൂടി സമയം; രാഷ്ട്രീയ പാര്‍ട്ടികള്‍ സഹായിക്കണമെന്ന് സുപ്രീം കോടതി

വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍ കോടതി നിരീക്ഷണം തുടരും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാർ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷർക്ക് നോട്ടീസ് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദേശം. കമ്മീഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇതിനായി സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണം. വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍ കോടതി നിരീക്ഷണം തുടരും. വോട്ടര്‍ സൗഹൃദ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. സെപ്തംബര്‍ 15ന് ശേഷം പരാതികള്‍ ഉയരില്ലെന്നും കമ്മീഷന്‍ അറിയിച്ചു. വാദം കേട്ട കോടതി ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നല്‍കി.

വ്യക്തികൾക്ക് സ്വന്തം നിലയിലോ ബിഎൽഎമാരുടെ സഹായത്തോടെയോ ഓൺലൈനായി അപേക്ഷിക്കാൻ അർഹതയുണ്ട്. 11 രേഖകളില്‍ ഒന്നോ ആധാര്‍ കാര്‍ഡോ സഹിതം അപേക്ഷ നല്‍കാം. അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്. മരിച്ചവരോ സ്വമേധയാ കുടിയേറിയവരോ ഒഴികെ, കരട് പട്ടികയിൽ ഉൾപ്പെടാത്ത ഏകദേശം 65 ലക്ഷം പേർക്ക് സെപ്റ്റംബർ ഒന്ന് എന്ന കട്ട് ഓഫ് തീയതിക്കകം എതിർപ്പുകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബിഎൽഎമാർ ശ്രമിക്കണമെന്നാണ് നിർദേശം. ഫിസിക്കൽ ഫോമുകൾ സമർപ്പിക്കുന്നിടത്തെല്ലാം, ബിഎൽഒമാർ രസീത് സ്വീകരിച്ചതായി അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. ആധാര്‍ സ്വീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തണം. വോട്ടര്‍മാര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കണം. എല്ലാവര്‍ക്കും വ്യക്തത വേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.

SCROLL FOR NEXT