കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിൽക്കിസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടതായി റിപ്പോർട്ട്. Image: ANI
NATIONAL

"പഴയ ഭയം വീണ്ടും വരുന്നു"; ഗുജറാത്ത് വിട്ട് ബില്‍കിസ് ബാനുവും കുടുംബവും

ബിൽക്കിസ് ബാനു കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിൽക്കിസും കുടുംബവും ഗുജറാത്ത് വിട്ടു. നവംബർ 2 അല്ലെങ്കിൽ 3-നാണ് കുടുംബം സംസ്ഥാനം വിട്ടതെന്ന് ബന്ധു സ്ഥിരീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഗുജറാത്ത് വിട്ട് ബില്‍കിസ് ബാനു. ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടൗണില്‍ താമസിച്ചിരുന്ന ബില്‍കിസ് ബാനുവും കുടുംബവും നവംബര്‍ 2-നോ 3-നോ ആണ് സംസ്ഥാനം വിട്ടതെന്ന് ബന്ധുവായ അബ്ദുള്‍ റസാഖ് മന്‍സൂരി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

2002 മാര്‍ച്ച് 3-ന് ഗുജറാത്ത് കലാപത്തിനിടയില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് 19 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്ന ബില്‍കിസ് ബാനു ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ബില്‍കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകളെ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരില്‍ ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവരുടെ ശിക്ഷയാണ് 17 വര്‍ഷത്തെ തടവുശിക്ഷ ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 28-ന് സുപ്രീം കോടതി മരവിപ്പിച്ചത്.

സുപ്രീം കോടതി ഉത്തരവില്‍ കടുത്ത നിരാശയും ഞെട്ടലും ഉണ്ടെന്നായിരുന്ന ബില്‍കിസ് ബാനുവിന്റെ ആദ്യ പ്രതിരണം. തന്നെ കേള്‍ക്കാതെയും അറിയിക്കാതെയുമാണ് കോടതി വീണ്ടും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അവര്‍ ആരോപിച്ചു.

'ഞാന്‍ ഇന്ന് എന്നെത്തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പഴയ ഭയങ്ങള്‍ വീണ്ടും തിരിച്ചുവരുന്നു. എന്നേയും കുടുംബത്തേയും ഓര്‍ത്ത് ഞാന്‍ വീണ്ടും ഭയപ്പെടുന്നു. നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു'. എന്നായിരുന്നു ബില്‍കിസ് തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് കുടുംബത്തോടൊപ്പം നാട് വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം തുടരുമെന്നും ബില്‍കിസ് ബാനു വ്യക്തമാക്കിയിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് ബില്‍കിസ് ബാനുവും കുടുംബവും എങ്ങോട്ടാണ് പോയതെന്ന് ബന്ധു വെളിപ്പെടുത്തിയിട്ടില്ല.

ബില്‍കിസ് ബാനുവിന്റെ പ്രസ്താവന:

"എന്റെ ലോകവും എന്റെ കുഞ്ഞു മകളും കുടുംബവും മനുഷ്യത്വത്തിലുള്ള വിശ്വാസവുമെല്ലാം ക്രൂരമായി തകര്‍ത്തെറിയപ്പെടുമ്പോള്‍ വെറും 19 വയസ്സുള്ള ഒരു പെണ്‍കുട്ടി മാത്രമായിരുന്നു ഞാന്‍. അന്ന് മുതല്‍ നീണ്ട 24 വര്‍ഷങ്ങളായി എനിക്കും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ വീണ്ടും വീണ്ടും പോരാടുകയാണ്. പിന്തുണയുമായി ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പം നിന്നതുകൊണ്ട് മാത്രമാണ് 24 വര്‍ഷം പിടിച്ചുനില്‍ക്കാനായത്.

കോടതികളില്‍ നിന്ന് കോടതികളിലേക്ക് കയറിയിറങ്ങി, നീതി ലഭിച്ച ഓരോ തവണയും, നീതിബോധത്തിലുള്ള എന്റെ വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ട ഓരോ നിമിഷവും ഞാന്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. തകര്‍ന്നുവീണ ജീവിതം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ വീണ്ടും പടുത്തുയര്‍ത്തി. ഞാന്‍ സമാധാനത്തിനായി കൊതിച്ചു, പുഞ്ചിരിക്കാന്‍ പഠിച്ചു.

ഈ ഉത്തരവിനെതിരെ ഞാന്‍ പോരാടും. പോരാടിയേ തീരൂ. എന്റെ കുട്ടികള്‍ക്കുവേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്. ജീവിതകാലം മുഴുവന്‍ ഭയങ്ങളുടെയും മുറിവുകളുടെയും നിഴലില്‍ ജീവിക്കാന്‍ അവര്‍ അര്‍ഹരല്ല. ജീവിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന മൂന്ന് വയസ്സുള്ള എന്റെ മകള്‍ സലീഹയ്ക്ക് വേണ്ടിയും എനിക്കിത് ചെയ്യണം. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കുവേണ്ടി ഞാന്‍ ഇത് ചെയ്യുന്നു. കാരണം, മറ്റൊരു സ്ത്രീയും അതിജീവിതയും പൗരനും സ്വന്തം അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടി ആജീവനാന്തം പോരാടേണ്ട അവസ്ഥ ഉണ്ടാകരുത്".

SCROLL FOR NEXT