NATIONAL

കൊളംബോ-ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു, അപകടത്തെ തുടര്‍ന്ന് മടക്കയാത്ര റദ്ദാക്കി

ചെന്നൈയില്‍ എത്തി സ്ഥിരമായി നടത്താറുള്ള പരിശോധനയില്‍ എഞ്ചിന്‍ ബ്ലേഡിന് സമീപം പ്രശ്നമുള്ളതായി കണ്ടെത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ-കൊളമ്പോ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു. വിമാനത്തില്‍ 158 യാത്രക്കാരുമായി ഇന്ത്യയിലേക്ക് തിരിച്ച വിമാനത്തിലാണ് ചൊവ്വാഴ്ച പക്ഷി ഇടിച്ചത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. അതേസമയം മടക്കയാത്ര റദ്ദാക്കി.

വിമാനം ചെന്നൈയില്‍ സുരക്ഷിതമായി ഇറക്കിയതിന് ശേഷമാണ് പക്ഷി ഇടിച്ചെന്ന കാര്യം കണ്ടെത്തിയതെന്നും അതിനാല്‍ കൊളംബോയിലേക്ക് തിരിച്ചുള്ള സര്‍വീസ് റദ്ദാക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

'ഒക്ടോബര്‍ ഏഴിന് ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ പക്ഷി ഇടിച്ചതായി സംശയിച്ചു. എന്നാല്‍ കൊളംബോയിലെത്തി പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതേ വിമാനം തിരിച്ച് ചെന്നൈയിലേക്ക് തിരിച്ചു. ചെന്നൈയില്‍ എത്തി സ്ഥിരമായി നടത്താറുള്ള പരിശോധനയില്‍ എഞ്ചിന്‍ ബ്ലേഡിന് സമീപം പ്രശ്നമുള്ളതായി കണ്ടെത്തുകയായിരുന്നു. വിമാനത്തെ തുടര്‍ പരിശോധനകള്‍ക്കായി മാറ്റി,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഇതിന് പകരമായി മറ്റൊരു വിമാനം തയ്യാറാക്കിയെന്നും കൊളംബോയിലേക്കുള്ള 137 യാത്രക്കാരെയും ആ വിമാനത്തില്‍ അയച്ചെന്നും എയര്‍പോര്‍ട്ട് അതോറിറ്റിയും വ്യക്തമാക്കി.

SCROLL FOR NEXT