NATIONAL

ധർമസ്ഥലയിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണം; ആവശ്യവുമായി ബിജെപി

ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

കർണാടക: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. അതേസമയം സാക്ഷിയെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നു എന്നായിരുന്നു സാക്ഷിയുടെ മൊഴിയെങ്കിലും, ഒരു തെളിവുപോലും ലഭിക്കാഞ്ഞതോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്. പരാതി വ്യാജമാണെന്നാണ് അന്വേഷണത്തിൽ എസ്ഐടി കണ്ടെത്തിയത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, വെളിപ്പെടുത്തലിൽ മകളെ കാണാനില്ലെന്ന അവകാശവാദവുമായെത്തിയ സുജാത ഭട്ട് മലക്കം മറിയുന്ന കാഴ്ചയും കഴിഞ്ഞ ദിവസം കണ്ടു. തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ലെന്നായിരുന്നു ഇവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞത്. പിന്നാലെ അത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന വാദവുമായി വീണ്ടും രംഗത്തെത്തി.

SCROLL FOR NEXT