സുപ്രീം കോടതിയില്‍ എസ്ഐആർ ആവശ്യപ്പെട്ട് ഹർജി Source: ANI
NATIONAL

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എസ്‌ഐആർ ആവശ്യപ്പെട്ട് ബിജെപി നേതാവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

കേരളം, തമിഴ്നാട്, അസം , ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ആവശ്യം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ ആണ് ഹർജി നൽകിയത്.

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയൊരു ഹർജി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം. വലിയ ക്രമക്കേടുകള്‍ വോട്ടർ പട്ടികയില്‍ നടന്നിട്ടുണ്ടെന്നും പരിഷ്കരണത്തിലൂടെ ഇത് പരിഹരിക്കണമെന്നുമാണ് ഹർജിയില്‍ പറയുന്നത്.

കേരളം, തമിഴ്നാട്, അസം , ബംഗാൾ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. ബിഹാറിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിലും എസ്‌ഐആർ വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഒരു ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനൊപ്പമാണ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

സമഗ്രത ഉറപ്പാക്കാനായി രാജ്യത്താകെ തീവ്രമായ വോട്ടർപട്ടിക പരിഷ്കരണം നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ബിഹാറിൽ ഇതിനു തുടക്കമിട്ടതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വലിയ തോതില്‍ വോട്ടർമാർ കരട് പട്ടികയില്‍ നിന്ന് പുറത്തായി എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

ബിഹാറിലെ കരട് വോട്ടർ പട്ടികയില്‍ എതിർപ്പ് രേഖപ്പെടുത്താനുള്ള അവസാന തീയതി സെപ്റ്റംബർ ഒന്നിനാണ് അവസാനിച്ചത്. ജൂൺ 24ന് പുറപ്പെടുവിച്ച പ്രത്യേക തീവ്ര പരിഷ്കരണ ഉത്തരവ് പ്രകാരം, നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ വോട്ടർ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനും ഒഴിവാക്കാനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT