NATIONAL

രത്തൻ യു. ഖേൽക്കറുടെ കേരളത്തിലെ നിയമനം; കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ആയുധമാക്കി ബിജെപി

ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധി കേരളത്തിൻെറ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നാണ് വിമർശനം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേരളാ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറെ നിയമിച്ചത് കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ആയുധമാക്കി ബിജെപി. പശ്ചിമ ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധി കേരളത്തിൻെറ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നാണ് വിമർശനം. ഖേൽക്കറുടെ നിയമനത്തിൽ ഡീലുണ്ടോ എന്ന് വൈകാതെ പുറത്തുവരുമെന്ന് വ്യക്തമാക്കിയ സിപിഐഎമ്മും വിമർശനം കടുപ്പിക്കുകയാണ്.

ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത് .ഇതിനെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും രംഗത്തുവന്നിരുന്നു. മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണെന്ന വിമർശനത്തിലൂടെ തെരെഞ്ഞെടുപ്പ് അട്ടിമറിയാണ് രാഹുൽ രാഹുൽ ഗാന്ധി ആരോപിച്ചത്.

കേരളത്തിൽ മുഖ്യ തെരെഞ്ഞെടുപ്പ് കമീഷണറായിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രി വി. ഡി. സതീശന്റെ സെക്രട്ടറിയാകുമ്പോൾ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് ബിജെപി. പശ്ചിമ ബംഗാളിൽ കടുത്ത വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധി സമാനമായ നിയമനം കേരളത്തിൽ നടന്നപ്പോൾ മൗനം പാലിക്കുക്കുകയാണ്. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇരട്ടത്താപ്പാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. നിയമനത്തിനെതിരെ എൽഡിഎഫും വിമർശനം ശക്തമാക്കുകയാണ്. ഖേൽക്കറുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്നും. മുഖ്യമന്ത്രി അറിഞ്ഞുള്ള തീരുമാനം ആണെന്നും ഡീലുണ്ടോ എന്ന് ഉടൻ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

നിയമനം അങ്ങേയറ്റം ദുരൂഹത നിറഞ്ഞതെന്നു എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്‌ണനും അതെസമയം ഭരണപരമായ കാര്യങ്ങളിൽ സർക്കാർ മറുപടി പറയുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധി ദിനത്തിലെത്തി ഖേൽക്കർ ചുമതയേറ്റത്.

SCROLL FOR NEXT