NATIONAL

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും മാംസം കഴിക്കുന്നതും തമ്മില്‍ എന്താണ് ബന്ധം? പൗര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഉത്തരവുകള്‍

''നവരാത്രിക്ക് പോലും വീടുകളില്‍ പ്രസാദമായി ചെമ്മീനും മീനും ഒക്കെയുണ്ടാകും. അതാണ് പാരമ്പര്യം. അതാണ് ഞങ്ങളുടെ ഹിന്ദൂയിസം''

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ നവരാത്രി, ജന്മാഷ്ടമി, ദീപാവലി, രക്ഷാബന്ധന്‍ തുടങ്ങിയ ഹിന്ദു മതാചാര പരിപാടികളുമായി ബന്ധപ്പെട്ട് പല മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മാംസം വില്‍പ്പന നടത്തുന്നതും ഭക്ഷണം പാകം ചെയ്യുന്നതും നിരോധിച്ചു കൊണ്ട് ഉത്തരവിറക്കുന്ന കാഴ്ച അടുത്തിടെയായി വ്യാപകമാണ്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നാലും പ്രത്യക്ഷമായോ പരോക്ഷമായോ അനുവാദം നല്‍കുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്നത്.

നേരത്തെ അയോധ്യ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഫൈസാബാദിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ച് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയിരുന്നു. 'നഗരത്തിന്റെ ആത്മീയാന്തരീക്ഷം' നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വം മൂല്യങ്ങളും തകര്‍ക്കുന്ന രീതിയില്‍ മതവിശ്വാസവും കടന്ന് ഇത്തരം നിരോധനങ്ങള്‍ എത്തുന്നു എന്നതിന്റെ ഉദാഹരണമാണ്, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മാംസം വില്‍ക്കുന്ന കടകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പൗരരുടെ സ്വതാന്ത്ര്യത്തിന് കടയ്ക്കല്‍ കത്തിവെക്കുന്ന നിലപാടുകളുമായി ഇത്തരം ഉത്തരവുകള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തന്നെ രംഗത്തെത്തുന്നു. ഇതിനെതിരെ പ്രതിഷേധം കടുക്കുന്നു എന്ന് മാത്രമല്ല, നിരവധി രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും ഈ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയുമാണ്.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിനും തൊട്ടടുത്ത ദിവസമായ ജന്മാഷ്ടമി ദിനത്തിലും മാംസം വില്‍ക്കുന്ന കടകള്‍ അടച്ചിടമെന്നാണ് ഉത്തരവ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം ഇത്തരം ഉത്തരവുമായി രംഗത്തെത്തിയിട്ടുണ്ടെന്നതാണ് നിര്‍ഭാഗ്യകരമെന്ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും മാംസം കഴിക്കുന്നതും തമ്മില്‍ എന്താണ് ബന്ധം? 99 ശതമാനം തെലങ്കാനയിലെ ജനങ്ങളും മാംസം ഭക്ഷിക്കുന്നവരാണ്. ഈ മാംസ നിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വകാര്യതയുടെയും മതത്തിന്റെയുമൊക്കെ ലംഘനമാണെന്ന് ഒവൈസി പറയുന്നു.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനെതിരെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് അജിത് പവാര്‍ പറഞ്ഞത്.

'വലിയ നഗരങ്ങളില്‍ പല തരം ജാതിയിലും മതത്തിലും വിശ്വസിക്കുന്നവരുണ്ട്. അതൊരു വൈകാരിക വിഷയമാണെങ്കില്‍ ചിലപ്പോള്‍ ആളുകള്‍ ഒരു ദിവസത്തേക്ക് അംഗീകരിച്ചെന്നിരിക്കും. പക്ഷെ, മഹാരാഷ്ട്ര ദിനം, സ്വതാന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് അത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്,' അജിത് പവാര്‍ പറഞ്ഞു.

മുംബൈയിലെ കല്യാണ്‍- ഡോംബിവിലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും മാംസം വില്‍ക്കുന്ന കടകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് വന്നെന്ന റിപ്പോര്‍ട്ടുകളോട് രൂക്ഷമായാണ് ശിവസേന (ഉദ്ധവ് വിഭാഗം) എംഎല്‍എ ആദിത്യ താക്കറെ പ്രതികരിച്ചത്. നവരാത്രിക്ക് പോലും തങ്ങളുടെ വീടുകളില്‍ മീനും ചെമ്മീനുമൊക്കെ ഉണ്ടാകുമെന്നും, അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

'കല്യാണ്‍ ഡോംബിവിലി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്യണം. അതാരാണെന്ന് പോലും അറിയില്ല. സ്വാതന്ത്ര്യദിനത്തിന് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ അവകാശമാണ്. പച്ചക്കറി കഴിക്കണോ മത്സ്യ-മാംസാദികള്‍ കഴിക്കണോ എന്ന് അവര്‍ തീരുമാനിക്കേണ്ട. ഉറപ്പായും ഞങ്ങള്‍ നോണ്‍ വെജ് കഴിക്കും. നവരാത്രിക്ക് പോലും വീടുകളില്‍ പ്രസാദമായി ചെമ്മീനും മീനും ഒക്കെയുണ്ടാകും. അതാണ് പാരമ്പര്യം. അതാണ് ഞങ്ങളുടെ ഹിന്ദൂയിസം. അത് ഒരു മതത്തിന്റെയോ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെയോ ഒന്നും വിഷയമല്ല,' ആദിത്യ താക്കറെ പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനയുടെ വക്താവ് അരുണ്‍ സാവന്ത് പറയുന്നത് ബിജെപി-സേന-എന്‍സിപി സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു മാംസ നിരോധനത്തെയും അംഗീകരിച്ചിട്ടില്ലെന്നാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

SCROLL FOR NEXT