ടിവികെ - ബിജെപി ബന്ധത്തിന് ശ്രമം Source; Social Media
NATIONAL

കരൂർ ദുരന്തം; ടിവികെയുമായി അടുക്കാൻ ശ്രമിച്ച് ബിജെപി, സിബിഐ അന്വേഷണം വേണമെന്ന് എൻഡിഎ നേതാക്കൾ

കരൂർ ദുരന്തത്തിൽ എഐഎഡിഎംകെയും ബിജെപിയും ഡിഎംകെ സർക്കാരിനെയാണ് പഴി ചാരുന്നത്. പൊലീസ് വീഴ്ച്ചയാണ് അവർ ചൂണ്ടിക്കാട്ടുന്നതും. സിബിഐ അന്വേഷണം വേണമെന്നാണ് തമിഴ്നാട് ബിജെപി ഘടകത്തിന്റെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

കരൂർ ദുരന്തത്തിൽ രാഷ്ട്രീയമായി ഒറ്റപ്പെട്ട തമിഴക വെട്രി കഴകത്തെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ബിജെപി. കരൂർ സന്ദർശിച്ച എൻഡിഎ സംഘം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ദുരന്തത്തിൽ വിജയിന്റെ പാർട്ടിയെ വിമർശിക്കാതിരുന്നതുമാണ് ആദ്യ പടി. ടിവികെ നേതാവ് ആധവ് അർജുൻ തിടുക്കപ്പെട്ട് ഡെൽഹിയിലേക്ക് പോയത് ഇതിന്റെ രണ്ടാംഘട്ടമാണെന്നാണ് ഡിഎംകെയുടെ ആരോപണം.

ദക്ഷിണേന്ത്യയിൽ എൻഡിഎ സഖ്യം വിപുലീകരിക്കാനും തമിഴക വെട്രി കഴകവുമായി ചർച്ചയ്ക്കും ബിജെപി ദേശീയ നേതൃത്വം നേരത്തെ തമിഴ്നാട് ഘടകത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ വിജയ് സ്വതന്ത്ര നിലപാട് സ്വീകരിച്ചതും ഡിഎംകെയോടും ബിജെപിയോടും സമദൂര വിമർശനം ഉന്നയിച്ചതും ഈ നീക്കം ഇല്ലാതാക്കി.

41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തത്തോടെ ഒറ്റപ്പെട്ടുപോയ വിജയിനും പാർട്ടിക്കും രാഷ്ട്രീയ പിന്തുണ ആവശ്യമായി വന്നതോടെ അത് മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് ഡിഎംകെയുടെ ആരോപണം. കരൂരിലേക്ക് എൻഡിഎ സംഘം വന്നത് നാടകമാണെന്നും ദുരന്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ ബിജെപി സമീപിച്ചുവെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്നലെ തുറന്നടിച്ചത് ഈ പശ്ചാത്തലത്തിലാണ്.

കരൂർ ദുരന്തത്തിൽ എഐഎഡിഎംകെയും ബിജെപിയും ഡിഎംകെ സർക്കാരിനെയാണ് പഴി ചാരുന്നത്. പൊലീസ് വീഴ്ച്ചയാണ് അവർ ചൂണ്ടിക്കാട്ടുന്നതും. സിബിഐ അന്വേഷണം വേണമെന്നാണ് തമിഴ്നാട് ബിജെപി ഘടകത്തിന്റെ ആവശ്യം. ഗ​വർണർ ആർഎൻ രവിയോട് കേന്ദ്രം ​തുടക്കത്തിൽ റിപ്പോർട്ട് തേടുകയും അനുരാ​ഗ് ഠാക്കൂറും ഹേമാമാലിനിയും ഉൾപ്പെട്ട സംഘത്തെ കരൂരിലേക്ക് അയക്കുകയും ചെയ്തിരുന്നു.

അതിനിടെ ടിവികെ നേതാവ് ആധവ് അർജുൻ ഡെൽഹിയിൽ രഹസ്യ ചർച്ചയ്ക്ക് എത്തിയെന്നും അഭ്യൂഹമുണ്ട്. വിലപേശലിന്റെ ഭാഗമാണിതെന്നാണ് ഡിഎംകെ വാദം. വിജയുമായി നേരിട്ട് ആശയവിനിമയത്തിനും എൻഡിഎ നേതാക്കൾ ശ്രമിക്കുന്നു. മദ്രാസ് ഹൈക്കോടതി ഇന്നലെ കരൂർ ഹർജികളിൽ സിബിഐ അന്വേഷണം തള്ളിയെങ്കിലും അതിനുള്ള രാഷ്ട്രീയ സമ്മർദ്ദം തമിഴ്നാട്ടിൽ ശക്തമാക്കാനാകും ഇനി ബിജെപി ശ്രമിക്കുക.

റാലിക്കിടെയുണ്ടായ അപകടത്തിന് കാരണം പൊലീസ് ലാത്തി ചാര്‍ജാണെന്ന് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. വിജയ്‌യെ കാണാന്‍ ടിവികെ അനുഭാവികള്‍ കാത്തു നില്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ചെരുപ്പെറിഞ്ഞുവെന്നും ഇതോടെ മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നുമായിരുന്നു വാദം.

എന്നാല്‍, ടിവികെയുടെ ആരോപണം ഡിഎംകെ പൂര്‍ണമായും തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമാണ് ടിവികെ ഉന്നയിക്കുന്നതെന്നും യാതൊരു തെളിവുമില്ലെന്നും ഡിഎംകെ കോടതിയില്‍ വാദിച്ചു. അപകടം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല.

SCROLL FOR NEXT