Source: Screengrab
NATIONAL

"ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമം"; ബിജെപി രാജ്യത്ത് 'നെഹ്‌റു അധിക്ഷേപ പദ്ധതി' നടപ്പിലാക്കുന്നുവെന്ന് സോണിയാ ഗാന്ധി

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സോണിയ

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: രാജ്യത്ത് ബിജെപി 'നെഹ്‌റു അധിക്ഷേപ പദ്ധതി' നടപ്പിലാക്കുന്നുവെന്ന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി. കഴിഞ്ഞ ദിവസം നെഹ്‌റു സെന്റർ ഇന്ത്യ ഉദ്ഘാടനം ചെയ്യുന്നതിനായി ജവഹർ ഭവനിൽ നടന്ന പരിപാടിക്കിടെയായിരുന്നു സോണിയയുടെ പ്രസ്താവന.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. നെഹ്‌റുവിന്റെ വ്യക്തിത്വത്തെ ഇകഴ്ത്തികാണിക്കുകയും, അദ്ദേഹത്തിൻ്റെ ബഹുമുഖ പ്രതിഭയെ തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സോണിയ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിർമാണത്തിലോ യാതൊരു പങ്കുമില്ലാത്തവരും മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചവരുമാണ് നെഹ്‌റുവിനെതിരായ ഈ പദ്ധതിക്ക് പിന്നിലെന്നും സോണിയ ആരോപിച്ചു.

നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ ലക്ഷ്യം അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല; നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ തകർക്കുക എന്നതാണെന്നും സോണിയ കൂട്ടിച്ചേർത്തു.

അതേസമയം, സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി തിരിച്ചടിച്ചു. നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണിച്ചത് കോൺഗ്രസാണെന്ന് ആരോപിച്ച ബിജെപി, അദ്ദേഹത്തിന്റെ തെറ്റുകൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് അവർ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹത്തെ അനാദരിക്കുന്നില്ലെന്നും തിരിച്ചടിച്ചു.

നെഹ്‌റുവിനോട് അത്രയേറെ ബഹുമാനമുണ്ടായിരുന്നെങ്കിൽ സോണിയ തൻ്റെ പേരിനോടൊപ്പം ആ കുടുംബപ്പേര് ചേർക്കുമായിരുന്നുവെന്ന് ബിജെപി വക്താവ് ടോം വടക്കൻ പ്രതികരിച്ചു. നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണിച്ചവരാണ് അവർ. അത് ബിജെപിയോ ഇപ്പോഴത്തെ സർക്കാരോ അല്ലെന്നും ടോം വടക്കൻ പറഞ്ഞു.

SCROLL FOR NEXT