NATIONAL

ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് കണക്ടിവിറ്റി; ബ്ലൂ ബേര്‍ഡ് 6ൻ്റെ വിക്ഷേപണം ഇന്ന്

സാധാരണ സ്മാര്‍ട്ട് ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

Author : ന്യൂസ് ഡെസ്ക്

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ വാണിജ്യ ദൗത്യം ബ്ലൂബേര്‍ഡ് 6ന്റെ വിക്ഷേപണം ഇന്ന്. 6100 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നും, ഇന്ത്യന്‍ സമയം രാവിലെ 8.54ഓടെയാണ് വിക്ഷേപണം.

ഐഎസ്ആര്‍ഒയുടെ ബാഹുബലി റോക്കറ്റെന്ന് അറിയപ്പെടുന്ന എല്‍വിഎം 3യുടെ എട്ടാം ദൗത്യമാണിത്. യുഎസ് കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ പുത്തന്‍ തലമുറ വിവരവിനിമയ ഉപഗ്രഹമാണ് ബ്ലൂ ബേര്‍ഡ് 6. സാധാരണ സ്മാര്‍ട്ട് ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

എഎസ്ടി സ്‌പേസ് മൊബൈല്‍ 2024 സെപ്തംബറില്‍ ബ്ലൂബേര്‍ഡ് 1-5 എന്നിങ്ങനെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇവ യുഎസിലും മറ്റു തെരഞ്ഞെടുത്ത രാജ്യങ്ങളിലും തുടര്‍ച്ചയായ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.

സ്മാര്‍ട്ട് ഫോണുകളിലേക്ക് നേരിട്ട് ഹൈസ്പീഡ് സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ അധിഷ്ഠിത സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. നിലവില്‍ കണക്ടിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്ന ആളുകളെ ബന്ധിപ്പിക്കുമെന്നാണ് എഎസ്ടി സ്‌പെസ് മൊബൈലിന്റെ അവകാശവാദം. അതേസമയം, ഇന്ത്യയില്‍ വാണിജ്യ കരാറിന് കീഴിലുള്ള വിക്ഷേപങ്ങളുടെ ചുമതല ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിനാണ്.

SCROLL FOR NEXT