ഡൽഹി: ഉത്തരാഖണ്ഡിൽ നിന്നുള്ള ബിജെപി നേതാവ് രാം ശരൺ നൗട്ടിയാൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കുമാരി ഷെൽജ പാർട്ടി അംഗത്വം നൽകി രാം ശരണിനെ സ്വീകരിച്ചു.
ഉത്തരാഖണ്ഡിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും മുൻ ഡെറാഡൂൺ ജില്ലാ പഞ്ചായത്ത് അധ്യക്ഷനുമായിരുന്നു രാം ശരൺ. പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ജുബിൻ നൗട്ടിയാലിൻ്റെ പിതാവാണ് ഇദ്ദേഹം. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡ് ചുമതലയുള്ള നേതാവുമായ കുമാരി സെൽജ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
ബിജെപിയിൽ നിന്ന് അർഹമായ പരിഗണനയും ബഹുമാനവും ലഭിക്കാത്തതിനാലാണ് പാർട്ടി വിടുന്നതെന്ന് ബിജെപിയിൽ നിന്ന് രാജിവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുൻപ് കോൺഗ്രസ് നേതാവായിരുന്ന രാം ശരൺ 2014-ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
തുടർന്ന് 2022-ലെ ഉത്തരഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചക്രാത്ത മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു. 12 വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചാണ് രാംശരൺ കോൺഗ്രസിലേക്ക് തിരികെയെത്തുന്നത്.