NATIONAL

'എന്നെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യത്തിന്റെ സന്ദേശം മറുപടിയായി നല്‍കുന്നു'; മൈസൂരു ദസറയ്ക്ക് തുടക്കം കുറിച്ച് ബാനു മുഷ്താഖ്

ദേവി ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ ബാനു മുഷ്താഖ് പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്

Author : ന്യൂസ് ഡെസ്ക്

മൈസൂരു: 11 ദിവസം നീണ്ടുനില്‍ക്കുന്ന മൈസൂരു ദസറ ആരംഭിച്ചു. ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് തന്നെ പരിപാടിയുടെ ഉദഘാടനം നിര്‍വഹിച്ചു. നേരത്തെ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മൈസൂരു രാജകുടുംബത്തിന്റെ പ്രധാന ആരാധനാമൂര്‍ത്തിയായ ദേവി ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ ബാനു മുഷ്താഖ് പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. ദസറ ഈ നാടിന്റെ സാംസ്‌കാരിക ഐക്യത്തെ പ്രതിഫലിക്കുന്നു എന്ന് പൂക്കളര്‍പ്പിച്ചുകൊണ്ട് അവര്‍ അഭിപ്രായപ്പെട്ടു. ദേവി സ്ത്രീകളില്‍ കുടികൊള്ളുന്ന ശക്തിയെ പ്രതിനിധാനം ചെയ്യുന്നെന്നും സ്ത്രീത്വം എന്നാല്‍ കേവലം മാതൃഭാവം മാത്രമല്ല മറിച്ച് കരുത്തും അനീതിക്കെതിരെ പോരാടാനുള്ള ശക്തിയും കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും തന്നെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യത്തിന്റെ സന്ദേശമാണ് മറുപടിയായി നല്‍കുന്നതെന്നും ഉദ്ഘാടത്തിന് ശേഷം അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിക്ക് മുമ്പ് ബാനു മുഷ്താഖും മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥന്മാരുമായി ക്ഷേത്രദര്‍ശനം നടത്തി. കര്‍ണാടകയുടെ രാജകീയമായ പ്രൗഢിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ദസറ ആഘോഷം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് നടക്കുക. മതപരമായ ചടങ്ങുകളും സംഗീതവും നൃത്തവും ഉള്‍ക്കൊള്ളുന്നതാണ് ദസറ ആഘോഷം.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടത്തില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ചടങ്ങില്‍ ബാനു മുഷ്താഖിനെ പങ്കെടുപ്പിക്കുന്നതിനെ സംബന്ധിച്ച് നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ബിജെപി ഉള്‍പ്പടെയുള്ള വിവിധ വലതുപക്ഷ ഗ്രൂപ്പുകളാണ് എതിര്‍പ്പുയര്‍ത്തിയത്. ഹിന്ദു ഉത്സവമായ ദസറ ഒരു മുസ്ലീം ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്ന് ബിജെപി എംപി പ്രതാപ് സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. ബാനു മുഷ്താഖിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയും കര്‍ണാടക ഹൈക്കോടതിയും തള്ളിയിരുന്നു.

SCROLL FOR NEXT