ഖജുരാവോയിലെ ജവാരി ക്ഷേത്രത്തില്‍ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ദൈവത്തോട് പോയി പറയൂ എന്നായിരുന്നു ഗവായ് നടത്തിയ പരാമര്‍ശം. അത് തെറ്റായി ചിത്രീകരിച്ചെന്നും എല്ലാ മതങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായി ചിത്രീകരിച്ചതായി കണ്ടു. ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു,' ബിആര്‍ ഗവായ് പറഞ്ഞു.
ഏഴടി നീളമുള്ള ഒരു വിഷ്ണു വിഗ്രഹം പുനര്‍ നിര്‍മിച്ച് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഗവായിയുടെ പരാമര്‍ശം. ഛത്തര്‍പൂര്‍ ജില്ലയിലെ ജവാരി ക്ഷേത്രത്തിലെ തകര്‍ന്ന വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനായി രാകേഷ് ദലാല്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.
'ഇത് പൂര്‍ണമായും പൊതുതാല്‍പ്പര്യ ഹര്‍ജിയാണ്. പോയി ദൈവത്തോട് തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ യഥാര്‍ഥത്തില്‍ ഒരു വിഷ്ണു ഭക്തനാണെങ്കില്‍ പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത്,' എന്നായിരുന്നു ഗവായിയുടെ പരാമര്‍ശം.
തകര്‍ന്ന വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട കേസ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണെന്നും അതുകൊണ്ട് നിലവില്‍ പരിഗണിക്കാന്‍ ആവില്ലെന്നുമാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞിരുന്നത്.