NATIONAL

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ പള്ളിയുടെ ഒരു ഭാഗം പൊളിച്ച് നീക്കി

ഒരു മാസം മുമ്പ് പുറത്തുവന്ന അനധികൃത നിർമാണം പൊളിക്കാമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

Author : ന്യൂസ് ഡെസ്ക്

സംഭൽ: ഉത്തർ പ്രദേശിലെ സംഭലിലുള്ള റാവ ബുസുർഗ് പള്ളിയുടെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി അധികൃതർ. ഒരു മാസം മുമ്പ് പുറത്തുവന്ന അനധികൃത നിർമാണം പൊളിക്കാമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പള്ളിയുടെ ഭാഗമായുള്ള വിവാഹ ഓഡിറ്റോറിയം ഉൾപ്പെടുന്ന ഈ ഘടന അനധികൃതമായി കുളം നികത്തിയ ഭൂമിക്ക് മുകളിലൂടെ നിർമിച്ചതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

ഇത് ഗ്രാമത്തിൽ വെള്ളക്കെട്ടിന് കാരണമായെന്നും ജില്ലാ മജിസ്ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കനത്ത പൊലീസ് കാവലിലാണ് പള്ളിയുടെ ഒരു ഭാഗം പൊളിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്. അക്രമ സംഭവങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ കഴിയാനും പൊലീസ് നിർദേശം നൽകിയിരുന്നു.

SCROLL FOR NEXT