NATIONAL

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് പറന്ന് കനേഡിയൻ വനിത; പ്രായം അറിഞ്ഞപ്പോൾ നോ പറഞ്ഞ് യുവാവ്

ഒരു ഡേറ്റിംഗ് ആപ്പിൽ നിന്നാണ് കനേഡിയൻ വനിതയും ഹാരിയാന സ്വദേശിയായ നിതിനും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

പ്രണയം അന്ധമാണെന്ന് പറയുമെങ്കിലും അത്ര അന്ധമല്ലെന്ന് വ്യക്തമാക്കുകയാണ് പ്രണയത്തിനായി കാനഡയിൽ നിന്നും കാമുകനെ തേടി ഇന്ത്യയിലെത്തിയ കനേഡിയൻ യുവതിയുടെ കഥ. ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട തൻ്റെ കാമുകനെ വിവാഹം കഴിക്കാനായാണ് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് കനേഡിയൻ വനിത രാജസ്ഥാനിലെത്തിയത്.എന്നാൽ കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ ഇവർ കനേഡിയൻ എംബസിയെ സമീപിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ കോട്പുട്ലി-ബെഹ്‌റോർ ജില്ലയിലെ നീംറാണയിലാണ് സംഭവം നടന്നത്. ഒരു ഡേറ്റിംഗ് ആപ്പിൽ നിന്നാണ് കനേഡിയൻ വനിതയും ഹാരിയാന സ്വദേശിയായ നിതിനും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് ഏകദേശം ഒരു വർഷം മുമ്പ് ഇവർ പ്രണയത്തിലാവുകയായിരുന്നു. ഒടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. പദ്ധതികൾ പ്രകാരം, ഇവർ ടൂറിസ്റ്റ് വിസയിൽ നവംബർ ഒന്നിന് ഇന്ത്യയിലേക്ക് എത്തുകയും ചെയ്തു.

ഡൽഹി വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ എത്തിയ നിതിൻ ഇവരെ നീംറാനയിലെ അമ്മാവന്റെയും അമ്മായിയുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റിലേക്ക് കൊണ്ടു പോവുകയും അവിടെ രണ്ടുദിവസം താമസിക്കുകയും ചെയ്തു. ഈ കാലയളവിൽ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും എന്നാൽ ഏകദേശം 61 വയസ്സുള്ള അവരുടെ പ്രായം പുറത്തുവന്നതോടെ കാര്യങ്ങൾ മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് നിതിൻ വിവാഹവുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ചു, ഇത് ഇരുവരും തമ്മിൽ തർക്കത്തിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു.

അഭിപ്രായവ്യത്യാസത്തെത്തുടർന്ന്, നവംബർ 13 ന് സ്ത്രീ കനേഡിയൻ എംബസിയുമായി ബന്ധപ്പെടുകയും സംഭവവികാസങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കനേഡിയൻ എംബസിയിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നീംറാണ പൊലീസ് സ്ഥലത്തെത്തി സ്ത്രീയെയും നിതിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് നിതിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കനേഡിയൻ യുവതിയെ കോട്പുട്ലിയിലെ കോർ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയാണ്.

SCROLL FOR NEXT