ഡൽഹി: വിവാദ നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നത് എൻടിഎയുടെ ഓഫീസിൽ നിന്ന് തന്നെയെന്ന് സിബിഐയുടെ കണ്ടെത്തൽ. മൂന്ന് വിഷയ വിദഗദ്ധരാണ് ചോർച്ചയ്ക്ക് പിന്നിൽ. ചോദ്യങ്ങൾ മനഃപാഠമാക്കി പേപ്പറിൽ എഴുതി പുറത്ത് കടത്തുകയായിരുന്നു. ഡെൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച സിബിഐയുടെ കുറ്റപത്രത്തിലാണ് ഇതുള്ളത്.
വിദഗ്ദരെ സുരക്ഷ പരിശോധനക്ക് വിധേയമാക്കാതെയാണ് പരീക്ഷ പേപ്പർ തയ്യാറാക്കുന്ന മുറിയിലേക്ക് പ്രവേശിപ്പിച്ചതെന്നും കുറ്റപത്രത്തിൽ അടി വരയിടുന്നുണ്ട്. എൻടിഎയിൽ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിരുന്നില്ല. ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൽകിയ റഫ് പേപ്പറിൽ ചോദ്യങ്ങൾ പ്രതികൾ എഴുതി മാറ്റിയെന്നാണ് കണ്ടെത്തൽ.
സിബിഐ നടത്തിയ പരിശോധനയിൽ 25 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. സബ്ജക്റ്റ് വിദഗ്ദ്ധർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചോദ്യപേപ്പറുകൾ ചോർത്തുകയും, ഇടനിലക്കാർ വഴി വൻ തുകയ്ക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചോർത്തിയ ചോദ്യങ്ങളും പ്രത്യേക കോച്ചിങും നൽകുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാല് ലക്ഷം വരെ ഈടാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയിൽ നിന്ന് ചോർന്ന ചോദ്യങ്ങളുടെ പിഡിഎഫ്, ഇമേജ് ഫയലുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് ടെലഗ്രാം, വാട്‌സാപ്പ് എന്നിവ വഴിയാണ് ഈ ഫയലുകൾ കൈമാറിയത്. നീറ്റ് 20206 എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനായി ഇടനിലക്കാർ വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. ചോർത്തിയ ചോദ്യപേപ്പർ നൽകുന്നതിന് സുരക്ഷയായി വിദ്യാർത്ഥികളുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാർ വാങ്ങി വെച്ചിരുന്നു.