ആർസിബി വിജയാഘോഷത്തിലെ തിക്കും തിരക്കും Source: X
NATIONAL

''പൊലീസിന് മാന്ത്രിക വിദ്യയില്ല, ഉത്തരവാദി ആർസിബി''; ബെംഗളൂരു ദുരന്തത്തിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

പൊലീസ് അനുമതിയില്ലാതെ വിജയാഘോഷം പ്രഖ്യാപിച്ചതിനെയും ട്രൈബ്യൂണൽ വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു ദുരന്തത്തിന് ഉത്തരവാദി ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. പൊലീസ് അനുമതിയില്ലാതെ വിജയാഘോഷം പ്രഖ്യാപിച്ചതിനെയും ട്രൈബ്യൂണൽ വിമർശിച്ചു. അനുമതിയില്ലാതെ എത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് മാന്ത്രിക വിദ്യയില്ലെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പറഞ്ഞു.

ഐപിഎൽ വിജയത്തിന് ശേഷം ജൂൺ 4 നാണ് ആഘോഷ പരിപാടി നടത്തിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ അപകടത്തിൽ 11പേരാണ് മരിച്ചത്. അപകടത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വികാസ് കുമാർ വികാസിനെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് വികാസ് കുമാർ അഡ്മിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

അതേസമയം, ദുരന്തത്തിന് കാരണം ആര്‍സിബിയും ബിസിസിഐയും ആണെന്ന് കര്‍ണാടക സര്‍ക്കാരും കോടതിയിൽ പറഞ്ഞിരുന്നു. ആരാധകരെ അനുമതിയില്ലാതെ ക്ഷണിച്ചത് ആര്‍സിബിയാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ആര്‍സിബി മാനേജ്‌മെന്റ് അനുമതി ചോദിച്ചിരുന്നില്ല. 33000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് ആരാധകരെ ക്ഷണിച്ചത് പ്രതിസന്ധിയായെന്നും 4 ലക്ഷത്തോളം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ദുരന്തത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെ ഉള്‍പ്പെടെ നാല് വ്യക്തികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നതിനിടെയായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം. അനുമതി തേടാതെ, സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ മുഴുവന്‍ ക്ഷണിച്ചത് ആര്‍സിബിയാണെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണ കുമാറിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കര്‍ണാടക സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടിയാണ് കോടതിയില്‍ ഹാജരായത്.

SCROLL FOR NEXT