ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Source: X/ @dpradhanbjp
NATIONAL

"സിസ്റ്റത്തിൽ പോരായ്മ ഉണ്ട്"; ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സമ്മതിച്ച് കേന്ദ്രം

ഇനി ക്രമക്കേടുകൾ ആവർത്തിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സമ്മതിച്ച് കേന്ദ്രം. സംവിധാനത്തിൽ പോരായ്മകളുണ്ടെന്ന് സമ്മതിക്കുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

കുട്ടികളുടെ ഭാവിക്കാണ് മുൻഗണന നൽകുന്നതെന്നും, സുതാര്യമായി പരീക്ഷ നടത്തുമെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം തുടരുകയാണ് എന്നും കേന്ദ്രത്തിൻ്റെ പോരാട്ടം ചോദ്യ പേപ്പർ ചോർത്തുന്ന മാഫിയയും തമ്മിലാണ് എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ അടുത്ത മാസം 21ന് നടത്തുമെന്ന് എൻടിഎ അറിയിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക അപ്‌ഡേറ്റുകൾക്കും മറ്റ് വിവരങ്ങൾക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും എൻ‌ടി‌എ ഉദ്യോഗാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് neet-ug@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ 011-40759000, 011-69227700 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

22 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും പുനഃപരീക്ഷയ്ക്ക് പുതിയ രജിസ്ട്രേഷനും പരീക്ഷാ ഫീസും ആവശ്യമില്ലെന്നും എൻ‌ടി‌എ വ്യക്തമാക്കിയിരുന്നു.

മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

SCROLL FOR NEXT