ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്‌തേക്കും. ഇതിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു സിറ്റിങ് ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നത് രാജ്യത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയാണ്. പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചനകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് നിരവധി യോഗങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നീക്കത്തിന്റെ ഭാഗമായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു ശേഷം അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടന്നു. രാജ്യസഭ നേതാവ് ജെ.പി. നദ്ദയും അമിത്ഷായും ചേര്‍ന്ന് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിനേയും ഇന്ന് കണ്ടിരുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് യശ്വന്ത് ശര്‍മ സംശയത്തിന്റെ നിഴലിലായത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി സുപ്രീം കോടതി മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും കൊളീജിയം നിര്‍ദേശിച്ചിരുന്നു.
പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.