പ്രതീകാത്മക-ചിത്രം Source; Social Media
NATIONAL

എച്ച്1ബി വിസയുടെ ഫീസ് ഉയർത്തിയ നടപടി; കുടുംബ ബന്ധങ്ങളിൽ പോലും പ്രതിഫലിക്കാം, വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് ഇന്ത്യ

ഈ നീക്കം യുഎസ് കമ്പനികൾ കൂടുതൽ അമേരിക്കൻ പ്രതിഭകളെ നിയമിക്കുന്നത് ഉറപ്പാക്കുമെന്നും, അതേസമയം വിദേശ തൊഴിലാളികളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് കാരണമാകുമെന്നും വാണിജ്യ സെക്രട്ടറി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

എച്ച്1ബി വിസയുടെ ഫീസ് കുത്തനെ കൂട്ടിയ യുഎസ് നടപടിയിൽ പ്രതികരിച്ച് ഇന്ത്യ. മാനുഷികപരമായി വലിയ പ്രത്യാഘാതമാണ് പുതിയ നടപടി ഉണ്ടാക്കുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകളെ ഇത് പ്രതികൂലമായി ബാധിക്കും. കുടുംബ ബന്ധങ്ങളിൽ പോലും പ്രതിസന്ധികൾ സൃഷിച്ചേക്കാവുന്ന സാഹചര്യമുണ്ട്. ഈ ആശങ്കകൾ പരിഹരിക്കാൻ യുഎസ് അധികാരികൾക്ക് കഴിയുമെന്നും അതിനായുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്സ്വാൾ പറഞ്ഞു.

ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയുടെ ഫീസ് കുത്തനെ കൂട്ടിയ നടപടിയായിരുന്നു യുഎസ് സ്വീകരിച്ചത്. ഒരു ലക്ഷം യുഎസ് ഡോളറാണ് പുതുക്കിയ വിസാ ഫീസ്. വിദേശ ജീവനക്കാർക്ക് എച്ച്-1ബി വിസ ലഭിക്കുന്നതിന് കമ്പനികൾ ഒരു ലക്ഷം ഡോളർ സർക്കാരിന് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തി.

ഈ നീക്കം യുഎസ് കമ്പനികൾ കൂടുതൽ അമേരിക്കൻ പ്രതിഭകളെ നിയമിക്കുന്നത് ഉറപ്പാക്കുമെന്നും, അതേസമയം വിദേശ തൊഴിലാളികളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് കാരണമാകുമെന്നും വാണിജ്യ സെക്രട്ടറി അറിയിച്ചു. സെപ്റ്റംബർ 21 മുതൽ 12 മാസത്തേക്ക് പുതിയ നിയമം ബാധകമാകുമെന്നും പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.

യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ് എച്ച്1ബി വിസയിലെ കുത്തനെയുള്ള വർധനവ്. എച്ച്1ബി വിസ ഉടമകളിൽ 70%ത്തിലധികവും ഇന്ത്യക്കാരാണെന്നതിനാൽ, ഈ നിയന്ത്രണങ്ങൾ അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്ക് ദോഷകരമായേക്കും. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളെ നിയമിക്കുന്നത് യുഎസ് ടെക്‌നോളജി സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ച്, കൂടുതൽ ബുദ്ധിമുട്ടാക്കുന്നതാണ് ഈ നിയമങ്ങൾ.

ഇപ്പോൾ നിലവിലുള്ള എച്ച്1ബി വിസ 1990ൽ കോൺഗ്രസ് അംഗീകരിച്ച നിയമപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ്. ബാച്ചിലേഴ്സ് ബിരുദമെങ്കിലും ഉള്ള വിദേശ തൊഴിലാളികളെ സ്പെഷ്യാലിറ്റി തൊഴിലുകളിൽ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് വിസ. മൂന്ന് വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്, പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

SCROLL FOR NEXT