ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു പിന്നാലെ അപൂര്‍വ നടപടിക്കൊരുങ്ങി കേന്ദ്രം. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് സൂചന. ഇതിന്റെ വ്യാപകമായി ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. എയര്‍ലൈനെതിരെ അപൂര്‍വമായ നടപടിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കമ്പനിക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്.
പ്രതിസന്ധിക്ക് അയവുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും ഇന്നും ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തിരുന്നു. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കപ്പെട്ടത്.
സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതും ഇരുട്ടടിയായി. അവസരം മുതലാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ചയിലേതിന് സമാനമായ പ്രതിസന്ധി ഇന്നുണ്ടാകില്ലെന്ന ഉറപ്പ് കമ്പനി പറഞ്ഞിരുന്നെങ്കിലും നിലവില്‍ സാഹചര്യം വിപരീതമാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പുലര്‍ച്ചെ മുതല്‍ റദ്ദാക്കപ്പെട്ടു മുംബൈയില്‍ നിന്ന് 110 സര്‍വീസുകളും ബെംഗളൂരുവില്‍ നിന്ന് 125 സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് 86 സര്‍വീസുകളും ഉച്ചവരെ റദ്ദാക്കിയതാണ് വിവരം. ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്ന് 69 ഇന്‍ഡിഗോ വിമാനങ്ങളും അഹമ്മദബാദില്‍ 20ലേറെ സര്‍വീസുകളും റദ്ദാക്കപ്പെട്ടു.
ചെന്നൈയില്‍ 30 സര്‍വീസുകളും തടസപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തേക്ക് വരേണ്ട 4 സര്‍വീസും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ 11 സര്‍വീസുകളും കോഴിക്കോടും കണ്ണൂരും ഓരോ സര്‍വീസ് വീതവും റദ്ദാക്കി.
നിലവിലെ പ്രതിന്ധി ഒരു രാത്രികൊണ്ട് മറികടക്കാനാകുന്നതല്ല. എന്നാല്‍ പരമാവധി വേഗത്തില്‍ അതിന് ശ്രമിക്കുമെന്നാണ് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അറഇയിച്ചത്. ഡിസംബര്‍ 15നകം പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. റീഫണ്ട്, റീ ഷെഡ്യൂള്‍ തുടങ്ങിയവ സമയബന്ധിതമായി തന്നെ ഉറപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ഇന്‍ഡിഗോ അറിയിക്കുന്നു.
അതേസമയം, ഇന്‍ഡിഗോ സര്‍വീസ് റദ്ദാക്കല്‍ മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റിന് ഈടാക്കുന്നത് തുടരുകയാണ്. വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ ഈമാസം 13വരെ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
DGCA പുറപ്പെടുവിച്ച ഡ്യൂട്ടി പരിഷ്‌കരണ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യോമയാനമന്ത്രാലയം തള്ളി. പൈലറ്റുമാരുടെ രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് തുടങ്ങിയ വ്യവസ്ഥകളില്‍ ഇന്‍ഡിഗോയ്ക്ക് മാത്രം ഫെബ്രുവരി 10 വരെ ഇളവുകളുണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മറ്റ് വിമാനക്കമ്പനികള്‍ പരിഷ്‌കരിച്ച വ്യവസ്ഥകളെല്ലാം പാലിച്ച് സുഗമമായി തന്നെ സര്‍വീസ് നടത്തുന്നുണ്ടെന്നും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഓര്‍മിപ്പിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കരണങ്ങളില്‍ ഇന്‍ഡിഗോയ്ക്ക് മാത്രം ഇളവ് നല്‍കിയതിന് എതിരെയും പ്രതിഷേധമുയരുന്നുണ്ട്.