സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍നിന്നായി 1.95 ലക്ഷം പോസ്റ്റുകളാണ് കേന്ദ്രം നീക്കിയത്. 68 സെക്കന്‍ഡില്‍ ഒന്ന് എന്ന നിലയിലാണ് പോസ്റ്റുകള്‍ നീക്കാനോ, ബ്ലോക്ക് ചെയ്യാനോ കേന്ദ്ര നിര്‍ദേശമെത്തുന്നത്. പ്രതിദിനം ശരാശരി 1275 പോസ്റ്റുകള്‍ക്കെതിരെയാണ് ഇത്തരത്തില്‍ നടപടി. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ക്കു മേലാണ് കേന്ദ്രത്തിന്റെ പിടി വീണത്. അഞ്ച് മാസത്തിനിടെ ഇന്‍സ്റ്റഗ്രാമിന് ലഭിച്ചത് ഒരു ലക്ഷത്തോളം നോട്ടീസുകളാണ്. ഫേസ്ബുക്കിന് 80,000, യുട്യൂബിന് 15,000 എന്നിങ്ങനെയാണ് കണക്കുകള്‍. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സിജെപി പ്രതിഷേധം ശക്തമായ സമയത്താണ് നോട്ടീസുകളില്‍ വര്‍ധനയുണ്ടായതെന്നും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം, അതായത് 2024 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ 19 ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലായി ആകെ 2312 ബ്ലോക്കിങ് ഓര്‍ഡറുകളാണ് നല്‍കിയിരുന്നത്. ഒരു ദിവസം ആറ് ഓര്‍ഡറുകള്‍ എന്നതായിരുന്നു കണക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സഹയോഗ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍. സഹയോഗ് ഓട്ടോമാറ്റിക്കായി നൽകുന്ന നിർദേശങ്ങൾ പരിഗണിച്ചാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ നടപടി സ്വീകരിക്കുന്നത്.