ചെന്നൈ: സ്ത്രീകൾ രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങിയാൽ പീഡനത്തിന് ഇരയാകുമെന്ന വാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ. ചെന്നൈയിലെ കാർത്തിക് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിവാദ പരാമർശം നടത്തിയത്. തെരുവുനായക്ക് ഭക്ഷണം കൊടുത്ത് കൊണ്ടിരുന്ന സ്ത്രീയോടായിരുന്നു പൊലീസുകാരൻ്റെ പ്രതികരണം.
തിരുവാണ്മിയൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ 20 വർഷമായി തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന സ്ത്രീയെ അർധരാത്രിയിൽ കണ്ടതോടെ പൊലീസുകാർ ഇടപെടുകയായിരുന്നു. നാല് ദിവസത്തേക്ക് തെരുവുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തൂ, പിന്നെ അവ സ്വയമേവ ഭക്ഷണം കഴിക്കാൻ വരുന്നത് ഇല്ലാതായിക്കോളും എന്നും പൊലീസുകാരൻ പറഞ്ഞു. പരാമർശം വിമർശനത്തിന് ഇടയാക്കിയെങ്കിലും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥൻ്റെ പ്രതികരണം മൂർച്ഛിച്ച് വഴക്കിൽ കലാശിക്കാൻ തുടങ്ങിയപ്പോൾ യുവതി സംഭാഷണങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്തു. ഇങ്ങനെയൊരു സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ, അതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പീഡനം എന്നല്ല, ആ സമയത്ത് ഇറങ്ങി നടന്നാൽ അറസ്റ്റ് ചെയ്യുമെന്നാണ് താൻ പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാദം ഉന്നയിച്ചു. എന്നാൽ വോയിസ് റെക്കോഡ് പരിശോധിച്ചപ്പോൾ അത് സാധൂകരിക്കുന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല. അർധരാത്രിക്ക് പുറത്ത് ഇറങ്ങരുതെന്നും, ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഉപദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണസംഘത്തെ അറിയിച്ചു.