ശ്രീനഗർ: ജമ്മു കശ്മീരിൽ ചൈനീസ് നിർമിത അസോൾട്ട് റൈഫിൾ സ്കോപ്പ് കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് സ്കോപ്പ് ലഭിച്ചത്. ആറ് വയസുള്ള കുഞ്ഞിനാണ് റൈഫിൾ സ്കോപ്പ് ലഭിച്ചത്. രാവിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് കുട്ടിക്ക് ഇത് കിട്ടിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ജമ്മു മേഖലയിലെ അസ്രാറാബാദ് സ്വദേശിയായ ആറ് വയസുകാരനാണ് റൈഫിൾ സ്കോപ്പ് ലഭിച്ചത്. എൻഐഎ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിദ്ര പ്രദേശത്ത് നിന്നാണ് സ്കോപ്പ് ലഭിച്ചത്. കുട്ടി ഇതുമായി കളിക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥർ മാതാപിതാക്കളെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. രാവിലെ പ്രദേശത്തുള്ള ഒരു മാലിന്യക്കൂമ്പാരത്തിൽ നിന്നുമാണ് ഇത് ലഭിച്ചതെന്ന് കുടുംബം പറഞ്ഞു.
സ്നിപ്പർ റൈഫിളിൽ ഘടിപ്പിക്കാവുന്ന ചൈനീസ് നിർമിത സ്കോപ്പാണ് കണ്ടെടുത്തത്. പിന്നാലെ സീനിയർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്കോപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് സാംബ ജില്ലയിൽ 24 വയസുകാരനെ കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പൊലീസും സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്‌ഒജി) സംഘങ്ങളും വിഷയം അന്വേഷിച്ചുവരികയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.