ചിന്മയി ശ്രീപദ  Source : Instagram
NATIONAL

"സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായിട്ടും നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നു"; നാണക്കേടെന്ന് ചിന്മയി ശ്രീപദ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളിലും ചിന്മയി പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. ഈ വിഷയത്തില്‍ നടി പാര്‍വതി തിരുവോത്ത് പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. അതേ കുറിച്ച് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിന്മയി. പാര്‍വതി ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണെന്നാണ് ഗായിക പറഞ്ഞത്.

അതോടൊപ്പം നടി ആക്രമിക്കപ്പെട്ട കേസ് നിലനില്‍ക്കവെ ദിലീപിനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ കുറിച്ചും ചിന്മയി സംസാരിച്ചു. സഹപ്രവര്‍ത്തകയ്ക്ക് ഒരു ദുരനുഭവം ഉണ്ടായെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണയ്ക്കുന്നത് നാണക്കേടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

"നടി പാര്‍വതി തിരുവോത്ത് ഒരു പ്രസക്തമായ ചോദ്യമാണ് ചോദിച്ചത്. അതിജീവിതമാരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ മുഴുവന്‍ ഉദ്ദേശ്യവും. പൊലീസ് അന്വേഷണത്തിലെ സുരക്ഷയെ അവര്‍ ശരിയായ രീതിയിലാണ് ചോദ്യം ചെയ്തത്. റിമ കല്ലിങ്കലും പാര്‍വതിയും എന്തിനാണ് തഴയപ്പെട്ടത്? മറുവശത്ത്, ദിലീപ് ഒരു കൊട്ടേഷന്‍ കൊടുത്ത് സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അറിഞ്ഞിട്ടും അയാള്‍ക്ക് നല്ല പ്രമോഷന്‍ ലഭിക്കുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. കുറഞ്ഞത്, അവിടെ അവര്‍ക്ക് ഹേമ കമ്മിറ്റി പോലൊരു കാര്യം ഉണ്ടായിരുന്നു. അത് തുടക്കത്തില്‍ എനിക്ക് സന്തോഷം നല്‍കി. എന്നാല്‍ ഇപ്പോള്‍ അവരുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭയാനകമായ അക്രമം സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും അവിടെയുള്ള സ്ത്രീകള്‍ ദിലീപിനൊപ്പം നില്‍ക്കുന്നു. നാണക്കേട്", എന്നാണ് ചിന്മയി പറഞ്ഞത്.

പുരുഷന്മാര്‍ തന്നോട് അവര്‍ അനുഭവിച്ച ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാറുണ്ടെന്നും ചിന്മയി അഭിമുഖത്തില്‍ പറഞ്ഞു. "ലൈംഗിക പീഡനത്തെ കുറിച്ച് ആളുകള്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. എനിക്ക് എല്ലാ ദിവസവും സന്ദേശങ്ങള്‍ വരാറുണ്ട്. പുരുഷന്മാര്‍ എന്നോട് മനസ് തുറക്കുന്നു. ട്രെയിനില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായതിനെ കുറിച്ച് സംസാരിക്കുന്ന ഒരു പുരുഷന്റെ റീല്‍ ഞാന്‍ രണ്ട് ദിവസം മുന്നെ കണ്ടിരുന്നുയ അയാള്‍ അത് വീഡിയോയില്‍ പകര്‍ത്തി. നമ്മള്‍ സംസാരിക്കുന്നതും ഇതിനെ കുറിച്ച് തന്നെയാണെന്ന് ഞാന്‍ പറഞ്ഞു. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ തങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പുരുഷന്മാര്‍ എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ അത് ഭാര്യമാരോട് കൂടി പറയേണ്ടതുണ്ടോ എന്ന് എന്നോട് ചോദിക്കുന്നു. ഞാന്‍ അതെ എന്നാണ് പറയാറ്. പുരുഷന്മാര്‍ സ്ത്രീകളെ ജഡ്ജ് ചെയ്യുന്നത് പോലെയല്ല തിരിച്ച് സംഭവിക്കാറ്. അതിജീവിതമാര്‍ തിരിച്ചറിയുകയാണ് ചെയ്യുന്നത്. അതാണ് പുരോഗതിയെന്ന് എനിക്ക് തോന്നുന്നു", ചിന്മയി വ്യക്തമാക്കി.

SCROLL FOR NEXT