വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പേ, പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതികരിച്ച് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. ഇത് നരേന്ദ്ര മോദിയുടെ ഭയമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യപ്പെടാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഞങ്ങള്‍ നിങ്ങളെ ഭയപ്പെടുന്നില്ലെന്നും അഭിജിത് ദീപ്കെ പറഞ്ഞു. മുംബൈയില്‍നിന്ന് സമരത്തിനായി ഡല്‍ഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍ കയറിയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
"നിങ്ങള്‍ക്കു കാണാം, ഞങ്ങളെ അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പൊലീസ് വിമാനത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. അവരെല്ലാം വിമാനത്തിലേക്ക് കയറിയിരിക്കുന്നു. വിമാനത്തിനുള്ളില്‍വച്ച് തന്നെ ഞങ്ങളെ അറസ്റ്റ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. ഡല്‍ഹി പൊലീസ് അപ്പാടെയുണ്ട്. ഇത് നരേന്ദ്ര മോദിയുടെ ഭയമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല. സമാധാനപരമായി സമരം ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ക്രിമിനലുകള്‍ എന്ന തരത്തിലാണ് അവര്‍ ഞങ്ങളെ വിമാനത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ഇത് സ്വേച്ഛാധിപത്യമാണ്. വരൂ, ഞങ്ങളെ അറസ്റ്റ് ചെയ്യൂ. അറസ്റ്റ് ചെയ്യപ്പെടാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഞങ്ങള്‍ നിങ്ങളെ ഭയപ്പെടുന്നില്ല" - എന്നായിരുന്നു ദീപ്കെയുടെ വാക്കുകള്‍.
ലീഗല്‍ ഹെഡ് രത്ന സിങ്ങിന്റെ വീഡിയോയും സിജെപി എക്സില്‍ പങ്കുവച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കാറില്‍ യാത്ര തിരിച്ചപ്പോഴായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് രത്ന സിങ് വീഡിയോയില്‍ പറയുന്നത്. "പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കണമെന്ന് പറഞ്ഞു. മുകളില്‍നിന്ന് ഉത്തരവുണ്ട്. കാറില്‍ നിന്നിറങ്ങണം, നിങ്ങളെ വീട്ടില്‍ തന്നെ തടങ്കലിലാക്കാം എന്നും പറഞ്ഞു. എന്നെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാന്‍ പോലും അവര്‍ക്ക് ഉദ്ദേശ്യമില്ലായിരുന്നു. ഞാനിവിടെ തന്നെ തങ്ങണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഞാന്‍ കാറില്‍ നിന്നിറങ്ങിയില്ല. അവര്‍ ഇവിടംവിട്ട് പോകുന്നില്ല, ഞാന്‍ റോഡില്‍ കാറില്‍ അന്യായമായി തടങ്കലിലാണ്" - എന്നായിരുന്നു രത്ന സിങ് വീഡിയോയില്‍ പറഞ്ഞത്.
ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെറ്റുകള്‍ ചോദ്യം ചെയ്യുന്ന, നിശബ്ദരായിരിക്കാന്‍ തയ്യാറാകാത്ത യുവാക്കളാല്‍ സ്വേച്ഛാധിപതി ഭയപ്പെട്ടിരിക്കുന്നു എന്നാണ് ധ്രുവ് റാഠിയുടെ കസ്റ്റഡി വിവരം പങ്കുവച്ചുകൊണ്ട് സിജെപി എക്സില്‍ കുറിച്ചത്.