NATIONAL

സിജെപി സമരത്തെ നേരിടാന്‍ പൊലീസിന്റെ കടുത്ത നടപടി; ധ്രുവ് റാഠി കസ്റ്റഡിയില്‍; നിരവധിപ്പേര്‍ കരുതല്‍ തടങ്കലില്‍

ജന്തര്‍ മന്തര്‍, സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സമരത്തില്‍ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പം, ജന്തര്‍ മന്തര്‍, സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. ബസുകളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്തിയാണ് പൊലീസിന്റെ നടപടി.

ഡല്‍ഹി പൊലീസിനും സൈനിക, അർധ സൈനിക വിഭാഗങ്ങൾക്കൊപ്പം 70 കമ്പനി കേന്ദ്രസേനയെ കൂടി നിയോഗിച്ചിട്ടുണ്ട്. 35,000ലധികം പൊലീസ്, പാരാ മിലിട്ടറി സേനയെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് പിങ്ക് ഫോഴ്സിനെ അധികമായി വിന്യസിച്ചിട്ടുണ്ട്. ദ്രുത കര്‍മ സേന മാണ്ഡി ഹൗസ് സര്‍ക്കിളില്‍ ഫ്ലാഗ് മാര്‍ച്ചും നടത്തി. ജന്തർമന്തറിലെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റെർനെറ്റ് നിരോധിച്ചു, 45 മെട്രോ സ്റ്റേഷനുകൾ അടച്ചു, 247 ട്രെയിനുകൾ റദ്ദാക്കി, ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്.

ഇതിനൊപ്പം, സമരക്കാരെ കരുതല്‍ തടങ്കലിലാക്കുന്നുമുണ്ട്. സന്‍സദ് മാര്‍ഗ്, കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. ഇവരെ കരുതൽ തടങ്കലിലിൽ പാർപ്പിക്കാനായി 15ഓളം തടങ്കൽ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഐഡി കാര്‍ഡ് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ജന്തർ മന്തിറിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ഫരീദാബാദ്, ബദർപൂർ അതിർത്തി, പുൽ പെഹ്ലാദ്‌പുര്‍, ഷൂട്ടിംഗ് റേഞ്ച് അതിർത്തി, മംഗർ ചൗക്ക് എന്നിവയുൾപ്പെടെ ഡല്‍ഹിയിലേക്കുള്ള എട്ട് പ്രധാന പ്രവേശന സ്ഥലങ്ങളിൽ പൊലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബസുകളും സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെ കര്‍ശനമായി പരിശോധിക്കുന്നുണ്ട്.

സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്താലും സമരം തുടരണമെന്ന് അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തിരുന്നു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, എസ്ഐആർ നടപടികൾ അടിയന്തരമായി മരവിപ്പിക്കുക, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങൾ.

SCROLL FOR NEXT