ഗുവാഹത്തി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ യോഗത്തിനെത്തിയ അശുതോഷ് റാങ്കയെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. റാങ്കയുടെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
പ്രവർത്തകരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. ഗുവാഹത്തിയില്‍ നടന്ന പാര്‍ട്ടിയുടെ ആദ്യ പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുടെ സംഗമവേദി പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
യോഗം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണ് പൊലീസിൻ്റെ നടപടി. യോഗത്തിനെത്തിയവരെ തടയുകയും ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്യാന്‍ ഇന്നലെ ഗുവാഹത്തിയിലെത്തിയ അശുതോഷ് റാങ്കയെ, വേദിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്കുള്ള കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.